Wednesday 4 January 2012

അവസാന തുരുത്തുകളും വി.എസ്. പക്ഷത്തെ കൈവിടുന്നു


തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ താക്കീത് ഫലിച്ചു. വി.എസ്. പക്ഷത്തിന്റെ അവസാന തുരുത്തുകളിലൊന്നായിരുന്ന കൊല്ലം ജില്ലാ കമ്മിറ്റിയും അവരെ കൈവിട്ടു.

തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ ആധിപത്യം അരക്കിട്ട് ഉറപ്പിച്ചതിനൊപ്പമാണ് കൊല്ലത്ത് പിണറായിപക്ഷം നേട്ടം കൊയ്തത്. ഇതോടെ ഫിബ്രവരിയില്‍ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനസമ്മേളനത്തില്‍ വി.എസ്. പക്ഷത്തിന്റെ സ്ഥിതി ദയനീയമാകുമെന്ന കാര്യവും ഉറപ്പായി. കൊല്ലം സമ്മേളനത്തില്‍ വി.എസ്. പക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയുടെ ആഘാതം വി.എസ്. പക്ഷത്തിന് ഇപ്പോഴും കാര്യമായ ശേഷിയുള്ള എറണാകുളം ജില്ലാസമ്മേളനത്തിലും പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പിണറായി പക്ഷം.

കൊല്ലം ജില്ലയിലെ ഏരിയാസമ്മേളനങ്ങളില്‍ മുന്‍തൂക്കം നേടിയിരുന്ന വി.എസ്. പക്ഷത്തെ നെടുകെ പിളര്‍ത്തിയാണ് പിണറായിപക്ഷം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വി.എസ്. പക്ഷത്ത് അവശേഷിക്കുന്ന നേതാക്കളില്‍ തങ്ങളുടെ 'രാഷ്ട്രീയഭാവി' സംബന്ധിച്ച ആശങ്ക സൃഷ്ടിച്ചാണ് പിണറായിപക്ഷം നീങ്ങിയത്. മുന്‍ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.ഗംഗാധരക്കുറുപ്പ്, മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കരിങ്ങന്നൂര്‍ മുരളി എന്നീ വി.എസ്. പക്ഷക്കാരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നിലവിലുള്ള ജില്ലാ കമ്മിറ്റിയില്‍ ധാരണയായിരുന്നു. ഇവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു നേരത്തെ വി.എസ്. പക്ഷം മത്സരത്തിന് ഒരുങ്ങിയിരുന്നത്. ഇവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി തന്ത്രപരമായ നീക്കം എതിര്‍പക്ഷം നടത്തി. ഇതോടെ ഇനി മത്സരം ആവശ്യമില്ലെന്ന നിലപാടിലായി വി.എസ്. പക്ഷത്തെ മിതവാദികള്‍. എന്നാല്‍ കഴിഞ്ഞ ദിവസം പിണറായി നടത്തിയ പ്രസംഗത്തില്‍ പ്രകോപിതരായ വി.എസ്. പക്ഷത്തെ തീവ്രവാദികള്‍ മത്സരം വേണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഈ ഭിന്നതയാണ് മത്സരത്തില്‍ വി.എസ്. പക്ഷത്തിന്റെ തൂത്തെറിയലിന് കാരണമായത്.
Comment: എന്തെങ്കിലും നടക്കുമോ? ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ശ്വാസം വിടാന്‍ പറ്റുന്നില്ല .
-കെ എ സോളമന്‍

2 comments: