Friday, 22 June 2012

വിജിലന്‍സ് അന്വേഷണം


വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: എം.എല്‍.എ ഫണ്ട്‌ ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയില്‍ വി.ഡി. സതീശന്‍ എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌. പറവൂര്‍ സ്വദേശി വിജയന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌.
തൃശൂര്‍ വിജിലന്‍സ്‌ കോടതിയാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. പറവൂരില്‍ നിയമ ഗ്രന്ഥശാലയ്ക്കു കെട്ടിടം നിര്‍മിച്ചെങ്കിലും പദ്ധതി തുടങ്ങിയില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ കോടതിയില്‍ നിയമഗ്രന്ഥശാല പണിയാന്‍ ഏഴു ലക്ഷം രൂപയാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചത്. കെട്ടിടം നിര്‍മിച്ചതിനു ശേഷം തീരുമാനം മാറ്റുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു ജഡ്ജി വി. ജയറാം നിര്‍ദേശം നല്‍കി. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

തോമസ് ഐസകിനെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: മുന്‍ ധനമന്ത്രി തോമസ്‌ ഐസക്‌ എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു‌. നാനോ എക്സല്‍ കേസ്‌ അട്ടിമറിക്കാന്‍ കൂട്ടു നിന്നുവെന്ന പരാതിയിലാണ്‌ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടത്‌.
വാണിജ്യനികുതി മുന്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ജയനന്ദകുമാറിനെതിരെയും അന്വേഷണത്തിന്‌ കോടതി ഉത്തരവിട്ടിട്ടുണ്ട്‌. മൂന്ന്‌ മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌. സാമൂഹിക പ്രവര്‍ത്തകനായ രാജു പുഴങ്കര സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിജിലന്‍സ്‌ കോടതിയുടെ ഉത്തരവു.
കമെന്‍റ്: രണ്ടു പേരും ചാനലില്‍ കേറിയിരുന്നു ബിസ്ലേരി വാട്ടര്‍ മല്‍സരിച്ച് കുടിച്ചു തിമര്‍ത്തപ്പോള്‍  ഇങ്ങനെയൊരു സാധ്യത മുന്‍കൂട്ടി കാണേണ്ട തായിരുന്നു. 
-കെ എ സോളമന്‍ 

No comments:

Post a Comment