Wednesday, 23 May 2012

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് പിന്‍വലിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് പിന്‍വലിച്ചു. നാളെ മുതല്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടെന്ന്‌ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡീസല്‍ നിലയങ്ങളില്‍ നിന്ന്‌ കൂടുതല്‍ വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെ തുടര്‍ന്നാണ്‌ ലോഡ്‌ഷെഡിങ് പിന്‍വലിക്കുന്നത്‌.
അതേസമയം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ്‌ ഈ നീക്കമെന്നും സൂചനയുണ്ട്‌. ലോഡ്‌ ഷെഡിങ് പിന്‍വലിക്കാന്‍ വൈദ്യുതി ബോര്‍ഡിനോട്‌ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചയിച്ചിരുന്നതിലും ഒരാഴ്ച മുമ്പാണ്‌ ലോഡ്‌ ഷെഡിങ് പിന്‍വലിക്കുന്നത്‌. ഡാമുകളിലെ ജലനിരപ്പ്‌ താഴ്‌ന്നതിനെ തുടര്‍ന്ന്‌ വൈദ്യുതോല്‍പാദനം കുറച്ചതിനാലാണ്‌ ഏപ്രില്‍ മുതല്‍ മെയ്‌ 31വരെ ലോഡ്‌ ഷെഡിങ് ഏര്‍പ്പെടുത്തിയത്‌.
ജൂണ്‍ മാസം കൂടി ലോഡ്‌ ഷെഡിങ് തുടരണമെന്ന്‌ ആവശ്യപ്പെട്ട്‌ വൈദ്യുതി ബോര്‍ഡ്‌ റെഗുലേറ്ററി കമ്മീഷനെ സമീപിച്ചെങ്കിലും വേനല്‍ മഴ ശക്തമായത്‌ ഡാമുകളിലെ നീരൊഴുക്ക്‌ വര്‍ദ്ധിക്കുന്നതിന്‌ കാരണമായി എന്ന്‌ ചൂണ്ടിക്കാട്ടി കമ്മീഷന്‍ അനുമതി നിഷേധിച്ചു. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്‌ കൂടിയ വിലയ്ക്ക്‌ പുറത്ത്‌ നിന്ന്‌ വൈദ്യുതി വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്‌.
Comment: ലോഡ്‌ ഷെഡിങ് എങ്ങനെ വോട്ടാക്കി മാറ്റാമെന്ന് ഇപ്പോഴാ ബോധ്യമായത്. ഈയാഴ്ച എട്ടര തൊട്ടായിരുന്നു ഇവിടെ കറന്‍റ് കട്ട്, ലോഡ്‌ഷെഡിങ് പിന്‍വലിച്ചുവെന്ന വാര്‍ത്ത വന്നതോടെ എട്ട് മണിക്കേ കറന്‍റില്ല.
-കെ എ സോളമന്‍  

No comments:

Post a Comment