Wednesday 9 May 2012

രാഷ്ട്രപതി വിദ്യാബാലന്‍ ! -കെ.എ.സോളമന്‍



വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ല, എന്ത്‌ വികസനമെന്ന്‌ ചോദിക്കരുത്‌. കേന്ദ്രമന്ത്രി വയലാര്‍ രവി തൊട്ട്‌ ഗൗരിയമ്മയെയും ഷുക്കൂറിനെയും തുരത്തിയ അരൂര്‍ എംഎല്‍എ ആരിഫ്‌ വരെ പറയുന്നത്‌ ഇതാണ്‌. ഒരു ഘട്ടം കഴിഞ്ഞാല്‍ രാഷ്ട്രീയക്കാരനും രാഷ്ട്രീയം മടുക്കും. സ്വന്തം മണ്ഡല വികസനത്തിന്‌ 151 കോടി ധനസഹായം കിട്ടിയതോടെ രാഷ്ട്രീയം വേണ്ടെന്നാണ്‌ ആരീഫ്‌. നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജ്‌ അരിവാള്‍ മാറ്റി കൈപ്പത്തി പൊക്കിയത്‌ ഇതേ വികസന മുന്നേറ്റംകണ്ടു കൊണ്ടാണ്‌.

എന്നാല്‍ ഒരിക്കലും രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്ത ചിലരുണ്ട്‌. അക്കൂട്ടത്തില്‍ ഒരാളാണ്‌ യുപി മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ പിതാവ്‌ മുലായംസിംഗ്‌ യാദവ്‌. കടുത്ത ന്യൂനപക്ഷ പ്രേമി. ന്യൂനപക്ഷ പ്രേമം മൂത്തതിനാല്‍ ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനെ വീണ്ടും പ്രസിഡന്റാക്കാന്‍ പറ്റില്ല, ഒഴിവാക്കാനൊരു കാരണം വേണം. കാരണം എത്ര വേണമെങ്കിലുമുണ്ട്‌. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം വേണമെന്നതാണ്‌ അതിലൊന്ന്‌. രാഷ്ട്രീയക്കാരന്‌ മാത്രമേ ജനത്തിന്റെ പള്‍സ്‌ അറിയൂ. ബസിന്‌ കല്ലെറിയുന്നതും ബന്ദ്‌ നടത്തുന്നതും സര്‍വം സ്തംഭിപ്പിക്കുന്നതുമാണ്‌ മഹത്തായ കാര്യം.

തകരപ്പാട്ട വിളക്കിയും  ഈര്‍ക്കില്‍ കെട്ടിവെച്ചും റോക്കറ്റ്‌ സാങ്കേതിക വിദ്യ വികസിപ്പി ച്ചെടുത്തവന്‍ ആരുമല്ല. മിസെയില്‍ വിദ്യഎന്നത്  “ആകാശത്തേയ്ക്കുള്ള വാണം” മാത്രം. ഫേസ്ബുക്ക്‌, ട്വിറ്റര്‍ പോലുള്ള ചില ഏര്‍പ്പാടുകളുണ്ട്‌, സോഷ്യല്‍ മീഡിയ എന്നു വിളിക്കും. സ്വന്തം അഭിപ്രായം പൊതുജനത്തെ അറിയിക്കാന്‍ സൈക്കിളില്‍ മൈക്കു കെട്ടി പ്രസംഗിക്കേണ്ട, പത്രമാഫീസുകള്‍ നിരങ്ങേണ്ട, സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ്‌ ചെയ്താല്‍ മതി. ഇന്റര്‍നെറ്റും മൊബെയിലും എന്തെന്ന്‌ അറിയുന്ന കുറച്ചധികം ചെറുപ്പക്കാര്‍ ഇന്ന്‌ ഫേസ്ബുക്ക്‌ അംഗങ്ങളാണ്‌. ഫേസ്‌ ബുക്കിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ യുവ എംഎല്‍എ ബലറാമിനോട്‌ ചോദിക്കൂ. നിയമസഭാ ചോദ്യോത്തരം വരെ ഫേസ്ബുക്കിലാണ്‌ അദ്ദേഹം പോസ്റ്റ്‌ ചെയ്യുക. ബലറാമിന്റെ നേതാവ്‌ വിഷ്ണുനാഥിന്‌ ഫേസ്ബുക്കിനെക്കുറിച്ച്‌ അത്ര വിവരമുണ്ടോയെന്ന്‌ സംശയം. കിരീടം വെച്ചാണ്‌ യുവജനജാഥയില്‍ അദ്ദേഹം അരങ്ങുകൊഴുപ്പിക്കുന്നത്‌. ആരെ പേടിപ്പിക്കാനാണ്‌ ഈ കിരീടം, ചെങ്ങന്നൂര്‍കാരി ശോഭന ജോര്‍ജിനെയോ? കൊക്ക്‌ എത്ര കുളം കണ്ടു എന്ന മട്ടില്‍ ഇപ്പോള്‍ സിനിമാ പിടിച്ചുകൊണ്ടിരിക്കുകയാണ്‌ ശോഭന. എന്നുവെച്ചാല്‍ ചെങ്ങന്നൂര്‍ മണ്ഡലം ആരുടേയും തറവാട്ടു സ്വത്തല്ലെന്ന്‌ അഭിനവ കിരീടധാരി മനസ്സിലാക്കുന്നത്‌ കൊള്ളാം.

‘ഉണക്കമത്തി’പോലെന്നു  തലമൂത്ത രാഷ്ട്രീയ ക്കാര്‍ കരുതുന്ന ഫേസ്ബുക്ക്‌ എന്ന സാധനത്തില്‍ ഏറ്റവുമധികം പോസ്റ്റിംഗ്‌ ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനുവേണ്ടിയാണ്‌. അദ്ദേഹത്തെ പരിഗണിക്കാനതുള്ള ഒരു രാഷ്ട്രപതി തെരഞ്ഞെടുപ്പും ജനം അംഗീകരിക്കില്ല. ഇന്ത്യയുടെ യശസ്സ്‌ ഉയര്‍ത്താന്‍ കലാമിനെക്കാള്‍ മികച്ച വ്യക്തിത്വം ഇന്ന്‌ ജീവിച്ചിരുപ്പില്ലയെന്നതാണ്‌ സോഷ്യല്‍ മീഡിയകളുടെ കണ്ടെത്തല്‍.

ബിജെപി എന്തു നല്ല കാര്യം പറഞ്ഞാലും എതിര്‍ക്കുകയെന്നതാണ്‌ രാഷ്ട്രീയ തിമിരം ബാധിച്ച ഇടതുകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ സമീപനം. ഡോ.കലാമിനെ പ്രസിഡന്റാക്കണമെന്ന്‌ സുഷമ സ്വരാജ്‌ പറയേണ്ട താമസം, എതിര്‍ത്ത്‌ ചില കക്ഷികള്‍ പ്രസ്താവന ഇറക്കി. തനി മുതലാളിത്ത വക്താവും വിലക്കയറ്റ തമ്പുരാനുമായ പ്രണാബ്‌ കുമാര്‍ മുഖര്‍ജിയെ രാഷ്ട്രീയ പതിയാക്കുന്നതാണ്‌ സോഷ്യലിസം കൊണ്ടുവരാന്‍ എളുപ്പമാര്‍ഗ്ഗമെന്ന്‌ യെച്ചൂരി സഖാവ്‌ വരെ കരുതുന്നു. സോണിയാജി വായ്മൂടിക്കെട്ടി ഇരുപ്പാണ്‌, നായ്ക്കള്‍ കുരയ്ക്കട്ടെയെന്ന മട്ടില്‍ . ചിലപ്പോള്‍ വിദ്യാബാലന്‍ രാഷ്ട്രപതിയായെന്നു വരും.
                                            *   *   *   *
കുഞ്ഞാലിക്കുട്ടി ഫോണില്‍ വിളിച്ചതോടെ കെ.മുരളീധരന്‌ ലീഗിനോടുള്ള എതിര്‍പ്പ്‌ മാറി. എന്തായിരുന്നു ഓഫര്‍. പുതിയ കസട്ടാ ഐസ്ക്രീമോ അതോ ഒരു ഐസ്ക്രീം പാര്‍ലര്‍ തന്നെയോ?

ജന്‍മഭൂമി 10-5-12-ല്‍ പ്രസിദ്ധീകരിച്ചത് 

2 comments:

  1. സാധ്യത തളിക്കളയാനാവില്ല,നന്ദി ജയരാജ്
    -കെ എ സോളമന്‍

    ReplyDelete