Friday, 15 March 2013

പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തി



തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തി. 2013 ഏപ്രില്‍ ഒന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പറയാതെ മീഡിയ റൂമില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാണി ഇക്കാര്യം പറഞ്ഞത്.
നടുവിലങ്ങി ഇടയ്ക്ക് ഇരുന്നതിനാലാണ് പ്രധാന പ്രഖ്യാപനമായ പെന്‍ഷന്‍ പ്രായത്തെ കുറിച്ച് വായിക്കാന്‍ വിട്ടതെന്നാണ് കെ എം മാണിയുടെ വിശദീകരണം. അച്ചടിച്ച് ബജറ്റ് പ്രസംഗത്തിലെ നൂറ്റിയേഴാം പേജിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം പറഞ്ഞിട്ടുള്ളത്. ദേശീയ പെന്‍ഷന്‍ പദ്ധതി വിഭാവന ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ പ്രായം 60 ആക്കുന്നത്.
ആനുകൂല്യം ലഭിക്കുക ഈ വര്‍ഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണെന്നിരിക്കെ യുവാക്കള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുകയെന്നാണ് കെ എം മാണിയുടെ വിശദീകരണം. പ്രഖ്യാപനം ചതിയാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. സഭയില്‍ പ്രഖ്യാപിക്കാതെ വാര്‍ത്താ സമ്മേളനത്തില്‍ പെന്‍ഷന്‍ പ്രായ വര്‍ധന അറിയിച്ച മാണിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു.
മാണിയുടെ ബജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം യുവജനങ്ങള്‍ക്ക് ദോഷം തന്നെയാണെന്നും വി.എസ് പറഞ്ഞു.
കമന്‍റ് : യുവജന ക്ഷേമത്തിന് പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് മാണി മുന്‍കൂര്‍  പറഞ്ഞതിന്റെ അര്ത്ഥം യുവജനത്തിന് ഇപ്പോഴാണ് ബോധ്യമായത്.
-കെ എ സോളമന്‍ 

No comments:

Post a Comment