Friday, 8 March 2013

പുസ്തകങ്ങള്‍ പറന്നു; കൂട്ട കോപ്പിയടി കണ്ട് സ്‌ക്വാഡ് ഞെട്ടി



തിരുവനന്തപുരം: സ്‌ക്വാഡിനെ കണ്ട് ക്ലാസിലേക്ക് ഓടിക്കയറുന്ന അധ്യാപകര്‍. പിന്നാലെ ഓടിച്ചെന്ന് പരീക്ഷാഹാളിലേക്ക് കയറിയപ്പോള്‍ തലങ്ങും വിലങ്ങും പറക്കുന്ന പുസ്തകങ്ങളും നോട്ടിന്റെ പകര്‍പ്പുകളും. സ്വാശ്രയ കോളേജിലെ പരീക്ഷാ നടത്തിപ്പിന്റെ രീതി കണ്ട് കേരള സര്‍വകലാശാലാ സ്‌ക്വാഡ് ഞെട്ടി. മുതുകുളം ശ്രീബുദ്ധ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലാണ് ആരെയും അതിശയിപ്പിക്കുന്ന രീതിയില്‍ കൂട്ടകോപ്പിയടി കണ്ടെത്തിയത്.

കേരള സര്‍വകലാശാലാ വി.സിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാമിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം മിന്നല്‍ പരിശോധനയ്ക്കായി സിന്‍ഡിക്കേറ്റംഗങ്ങളെ അയച്ചത്. പ്രൊഫ. പി. രഘുനാഥും ആര്‍.എസ്.ശശികുമാറുമായിരുന്നു പരിശോധകര്‍. കാര്‍ കോളേജില്‍ നിന്ന് ദൂരെ മാറ്റിയിട്ട് നടന്നാണ് ഇരുവരും കോളേജിലെത്തിയത്. അവരെ കണ്ടപ്പോള്‍ തന്നെ അധ്യാപകര്‍ ക്ലാസിലേക്ക് ഓടിക്കയറുകയായിരുന്നു.

പിന്നാലെ ക്ലാസിലേക്ക് ഓടിച്ചെന്നപ്പോഴാണ് പുസ്തകങ്ങള്‍ പുറത്തേക്ക് പായുന്ന കാഴ്ച കണ്ടത്. എം. എഡ് കോഴ്‌സിന്റെ പരീക്ഷയാണ് അവിടെ നടന്നുവന്നത്. 23 കുട്ടികളുടെയും പരീക്ഷാ പേപ്പര്‍ വാങ്ങി ഇന്‍വിജിലേറ്റര്‍മാരില്‍ നിന്നും റിപ്പോര്‍ട്ടും എഴുതി വാങ്ങിയാണ് പരിശോധകര്‍ പോന്നത്. സര്‍വകലാശാലയ്ക്ക് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് അവര്‍ റിപ്പോര്‍ട്ടും നല്‍കി.

സര്‍വകലാശാലയില്‍ നിലവില്‍ പരീക്ഷാ സ്‌ക്വാഡ് ഇല്ലെന്നതാണ് ഏറെ രസകരം. അധ്യാപക സ്‌ക്വാഡാണ് നിലവിലുണ്ടായിരുന്നത്. കഴിഞ്ഞ പ്രാവശ്യം സ്‌ക്വാഡ് പിടിച്ച ചില കേസുകളില്‍ സിന്‍ഡിക്കേറ്റിന്റെ അച്ചടക്ക സമിതി കുട്ടികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്‌ക്വാഡായി പോകാന്‍ തങ്ങള്‍ തയ്യാറല്ലെന്ന നിലപാട് അധ്യാപക സംഘടനകള്‍ സ്വീകരിച്ചത്.

ചോദ്യപേപ്പറില്‍ എഴുതിയ ചോദ്യത്തിന് നേരെ ശരിയിട്ടതും മറ്റും കാരണമായി കണ്ട് കോപ്പിയടി കുറ്റം ചുമത്തിയ കേസുകളായിരുന്നു അച്ചടക്കസമിതി വെറുതെ വിട്ടത്. എന്നാല്‍ അധ്യാപകര്‍ പിടിച്ച കേസുകള്‍ അച്ചടക്ക സമിതി വെറുതെ വിട്ടത് ഈഗൊ പ്രശ്‌നമായി വളര്‍ന്നതാണ് സ്‌ക്വാഡായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന നിലപാട് ചില അധ്യാപകര്‍ സ്വീകരിക്കാന്‍ കാരണം. സ്‌ക്വാഡില്ലാത്തതിനാലാണ് സിന്‍ഡിക്കേറ്റംഗങ്ങളെ പരിശോധനയ്ക്ക് വിടാന്‍ വി.സി. തയ്യാറായത്.

കമന്‍റ് : ശ്രീബുദ്ധകോളേജിനു ഓട്ടോനോമസ് പദവി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. പുതുങ്ങിനിന്നിട്ടു ചാടി വീണു ഹെല്‍മറ്റ് വേട്ടനടത്തുന്ന പോലീസിന്റെ  നിലവാരത്തിലേക്ക് സിണ്ടിക്കേറ്റ് അംഗങ്ങളും എത്തിയത് രസകരമായിരിക്കുന്നു.. ഒരു കോളേജിലെ അധ്യാപകരെ  ആ കോളേജില്‍ തന്നെ ഇന്‍വിജിലേറ്റര്‍മാരാക്കുന്നത് അഭലഷണീയമല്ലെന്ന് യൂണിവേര്‍സിറ്റിക്ക് ഇതുവരെ ബോധ്യമായില്ലെന്ന് തോന്നുന്നു. 

കഴിഞ്ഞകൊല്ലത്തെ സ്കോഡ് അങ്ങത്തെമാരുടെ ഗുണവതികാരം പറയാതിരിക്കുകയാവും ഭേദം. കോഴ കൊടുത്തു ജോലിയില്‍ പ്രവേശിച്ച ഇവന്‍മ്മാര്‍ മര്യാദയ്ക്ക് പരീക്ഷയെഴുതിയ കുട്ടികളുടെ കക്ഷത്തില്‍ കയ്യിട്ട് അവരുടെ ഭാവി തുലച്ച കാര്യം ഓര്‍ക്കുംപോഴാണ് ഈഗോ ഇളകുന്നത്. കോപ്പിയടിച്ചതിനും അടിക്കാത്തതിനും പീഡിപ്പിക്കപ്പെട്ടകുട്ടികളെ തൂക്കിക്കൊല്ല ണമെന്നാണോ സ്കോഡന്‍മാര്‍ പറയുന്നത്.
-കെ എ സോളമന്‍ 

2 comments:

  1. ഈ കോപി അടിച്ചു ജയിച്ചു വരുന്നവര്‍ക്ക് വേണ്ടി കോപി റൈറ്റര്‍ ജോലി റിസെര്‍വ്‌ ചെയ്യണം! ജോലിയില്‍ നന്നായി പ്രശോഭിക്കും.

    ReplyDelete
  2. എങ്ങനെ ജയിച്ചാലും ജോലിയില്ല വര്‍ഗീസ്. സ്യൂട്ട്കേസ് മായി ചിലര്‍ തലസ്ഥാനത്തേക്ക് ഇന്നൊവായില്‍ പോയിട്ടിണ്ട്, മാണിയെ കാണണം, ബെഡ്ജെറ്റിന് മുന്പ്, എങ്കിലേ പെന്‍ഷന്‍ പ്രായം 60-ഒ 65-ഒ ആക്കാന്‍ പറ്റൂ. അപ്പോള്‍ ആര്‍ക്ക് ജോലികിട്ടുമെന്നാണ്?
    Thank u Mr Varghese for joining

    ReplyDelete