Tuesday, 26 March 2013

മലയാളത്തിന്റെ പ്രിയനടി സുകുമാരി അന്തരിച്ചു



ചെന്നൈ: മലയാളത്തിന്റെ പ്രിയനടിസുകുമാരി അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെത്തു ടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 27ന്‌ വീട്ടിലെ പൂജാമുറിയില്‍ നിന്ന്‌ പൊള്ളലേറ്റ്‌ ആശുപത്രിയില്‍ കഴിയുകയായിരുന്ന സുകുമാരിയെ ഡയാലിസിസിന്‌ വിധേയയാക്കിയിരുന്നു. നാല്‍പ്പത്‌ ശതമാനത്തോളം പൊള്ളലേറ്റ സുകുമാരി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അണുബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേക മുറിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു അവര്‍. കൈകളിലും ശരീരത്തിലും പൊള്ളലേറ്റ സുകുമാരിയെ പ്ലാസ്റ്റിക്‌ സര്‍ജറിക്ക്‌ വിധേയയാക്കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു മരണം. ചികിത്സയില്‍കഴിയുന്ന സുകുമാരിയെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചിരുന്നു. 
പത്താം വയസ്സില്‍ സിനിമക്ക്‌ വേണ്ടി ചായമിട്ടു തുടങ്ങിയ സുകുമാരി ഏറ്റെടുക്കാന്‍ ഇനി മറ്റൊരു വേഷമില്ല. വിവിധ ഭാഷകളിലായി രണ്ടായിരത്തിലേറെ സിനിമകളില്‍ അഭിനയിച്ച സുകുമാരി എല്ലാ ഭാഷകളിലും കഥാപാത്രങ്ങള്‍ക്ക്‌ സ്വന്തം ശബ്ദം നല്‍കിയിട്ടുള്ള ഏക നടിയാണ്‌. ‘ഒരറിവ്‌‘ എന്ന തമിഴ്ചിത്രത്തില്‍ ബാലനടിയായാണ്‌ അവര്‍ ആദ്യമായി സിനിമയിലെത്തിയത്‌. തക്ഷകവീരനായിരുന്നു മലയാളത്തിലെ ആദ്യചിത്രം. ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാം അഭിനയിച്ച സുകുമാരി ഹിന്ദി, ബംഗാളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. 2012ല്‍ അഭിനയിച്ച 3ജി ആണ്‌ അവസാന ചിത്രം.
സത്യന്‍, പ്രേംനസീര്‍, അടൂര്‍ഭാസി, ശങ്കരാടി, കൊട്ടാരക്കര, ശിവാജി ഗണേശന്‍, നാഗേശ്വര റാവു തുടങ്ങിയ മണ്‍മറഞ്ഞ ഒട്ടേറെ പ്രഗത്ഭരോടൊപ്പം സുകുമാരി അഭിനയിച്ചു. ഇതിനിടെ നാടകത്തിലും പ്രവര്‍ത്തിക്കാന്‍ സുകുമാരി സമയം കണ്ടെത്തി. ചോ രാമസ്വാമിയുടെ ഉടമസ്ഥതയിലുള്ള നാടക ട്രൂപ്പില്‍ 35 വര്‍ഷത്തോളം അവര്‍ അംഗമായിരുന്നു. മനസുകൊണ്ട്‌ എപ്പോഴും താന്‍ പതിനാറുകാരിയാണെന്ന്‌ പറയാറുള്ള സുകുമാരി ഏറ്റെടുത്ത ജോലികളിലെല്ലാം ആ ഉത്സാഹവും കൃതൃനിഷ്ഠതയും കാത്തുസൂക്ഷിക്കുമായിരുന്നു. രാവണപ്രഭുവില്‍ മോഹന്‍ലാലിനോടും രാക്ഷസരാജാവില്‍ മമ്മൂട്ടിയോടുമൊപ്പം സുകുമാരി ചടുലചലനങ്ങളോടെ നൃത്തമാടുന്നത്‌ സിനിമാപ്രേമികള്‍ അമ്പരപ്പോടെയാണ്‌ കണ്ടത്‌. 
1940 ഒക്ടോബര്‍ ആറിന്‌ നാഗര്‍കോവിലിലാണ് സുകുമാരിയുടെ ജനനം. അച്ചന്‍ മാധവന്‍ നായര്‍. അമ്മ സത്യഭാമ. നാലു സഹോദരിമാരും ഒരു സഹോദരനുമുണ്ടായിരുന്നു സുകുമാരിക്ക്‌. മലയാളചലച്ചിത്രലോകത്തെ അപ്സരസുന്ദരികളും തിരുവിതാംകൂര്‍ സഹോദരിമാരെന്ന്‌ അറിയപ്പെടുന്നവരുമായ ലളിത-പദ്മിനി-രാഗിണിമാര്‍ സുകുമാരിയുടെ അച്ഛന്റെ സഹോദരി സരസ്വതിയമ്മയുടെ മക്കളായിരുന്നു. പൂജപ്പുരയില്‍ നിന്ന്‌ ഏഴാം വയസ്സില്‍ സുകുമാരിയെ സരസ്വതിയമ്മ മദ്രാസിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. അവിടെനിന്നാണ്‌ സുകുമാരിയുടെ കലാജീവിതം ആരംഭിക്കുന്നത്‌.
ഒട്ടേറെ അഭിനയമുഹൂര്‍ത്തങ്ങള്‍കാഴ്ച വച്ച സുകുമാരിക്ക്‌ പത്മശ്രീ അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. 2010 ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചു. 1974 ,1979, 1983, 1985 ലും സഹനടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. വിവിധ ഭാഷകളില്‍ നിന്നായി അഭിനയമികവിന്‌ ഒട്ടേറെ പുരസ്കാരങ്ങള്‍ ഈ അനുഗൃഹീതനടിയെ തേടിയെത്തിയിട്ടുണ്ട്‌.
മഹാരാഷ്ട്രക്കാരനായ സംവിധായകന്‍ ഭീംസിങ്ങായിരുന്നു സുകുമാരിയുടെ ഭര്‍ത്താവ്‌. പത്തൊമ്പതാം വയസിലായിരുന്നു വിവാഹം. ഭീംസിംഗ്‌ സംവിധാനം ചെയ്ത രാജറാണിയിലും പാശമലരിലും സുകുമാരി അഭിനയിച്ചിരുന്നു. ചെന്നൈ മെഡിക്കല്‍ കോളേജില്‍ ഡോക്ടറായ സുരേഷാണ്‌ മകന്‍. മരുമകള്‍ ഉമ.
Comment: A great artist. Real loss to Indian cinema. My heartfelt condolence !
- K A Solaman

No comments:

Post a Comment