Sunday, 3 March 2013

മലയാളത്തിന്റെ റോസി



ഇവള്‍ മലയാള സിനിമയിലെ റോസിയാണ്. ഞങ്ങള്‍ സെറ്റില്‍ അവളെ വിളിച്ചിരുന്നതും അങ്ങനെയാണ്. സംവിധായകന്‍ കമല്‍ പുതുമുഖ നടി ചാന്ദിനിയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ജെ.സി. ഡാനിയേലിന്റെ സിനിമയും ജീവിതവും പറഞ്ഞ സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ കമല്‍ മലയാള സിനിമയ്ക്ക് പുതിയൊരു റോസിയെ സമ്മാനിക്കുകയായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും നഷ്ടനായികയെന്ന നിയോഗവും പേറി റോസി നമ്മള്‍ക്കിടയില്‍ ഇപ്പോഴും ജീവിക്കുന്നു. സ്വന്തം കളി തീയറ്ററില്‍ എത്തുമ്പോള്‍ അത് കാണാനുള്ള ഭാഗ്യം പോലും അവള്‍ക്കുണ്ടായില്ല. അവഗണനയുടെ നിഴലില്‍ അവള്‍ക്കെന്തു സംഭവിച്ചു എന്ന കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹങ്ങള്‍ മാത്രം. അഭ്രപാളികളില്‍ ഈ റോസി പുനര്‍ജനിച്ചത് കൊല്ലം സ്വദേശിനി ചാന്ദിനിയിലൂടെയായിരുന്നു. പുതിയ കാലഘട്ടം അവളെ ഏറ്റെടുക്കുകയാണ്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ ചാന്ദിനിയെ കാത്തിരുന്നത് താരത്തിളക്കമായിരുന്നു. 

പാട്ടിന്റെ വഴിയിലൂടെ സഞ്ചരിക്കാനായിരുന്നു ചാന്ദിനി ഏറെ ഇഷ്ടപ്പെട്ടിരുന്നത്. പക്ഷെ, അപ്രതീക്ഷിതമായാണ് സെല്ലുലോയിഡ് എന്ന ചിത്രത്തില്‍ റോസിയെന്ന കഥാപാത്രമാകാന്‍ അവസരം ലഭിക്കുന്നത്. ഇന്ത്യന്‍ വോയ്‌സ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനിടയില്‍ സംവിധായകന്‍ കമലിന്റെ ഭാര്യയാണ് ചാന്ദിനിയെ ശ്രദ്ധിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ റോസിയായി ചാന്ദിനി തിരഞ്ഞെടുക്കപ്പെട്ടു. അഭിനയത്തില്‍ എന്തെങ്കിലും പരിചയം ഉണ്ടോ എന്നാണ് കമല്‍ ആദ്യം ചോദിച്ചത്. ഇല്ല എന്ന മറുപടിയിലാണ് ചാന്ദിനി സെല്ലുലോയ്ഡ് എന്ന ചരിത്ര സിനിമയുടെ ഭാഗമാകുന്നത്. 

വിഗതകുമാരനില്‍ അഭിനയിക്കാന്‍ എത്തുന്ന റോസിയുടെ മാനസികാവസ്ഥയും ചിന്തകളും തന്നെയായിരുന്നിരിക്കാം ആദ്യ ദിവസങ്ങളില്‍ തനിക്കുണ്ടായത്. സിനിമാഭിനയം എന്തെന്ന് അറിയില്ലായിരുന്നു എന്നതാണ് തിരശ്ശീലയ്ക്ക് പുറത്ത് റോസിയും ചാന്ദിനിയും തമ്മിലുള്ള സാമ്യം.അതുകൊണ്ടു തന്നെ റോസിയിലേക്കുള്ള വേഷപ്പകര്‍ച്ച എളുപ്പമായിരുന്നുവെന്ന് ചാന്ദിനി പറഞ്ഞു. ആദ്യ രണ്ടു ദിവസം സെറ്റില്‍ വന്ന് കണ്ടു പരിചയിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളിലാണ് വിനു എബ്രഹാമിന്റെ നഷ്ട നായിക എന്ന നോവല്‍ വായിക്കാനിടയായത്. സിനിമയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ വിവരണങ്ങള്‍ എഴുത്തില്‍ ഉണ്ടാകുമല്ലോ. റോസിയ്ക്ക് സംഭവിച്ച ദുരന്തങ്ങളും വായിച്ചറിവുകളും മനസ്സില്‍ എവിടെയോ ഉണ്ടായിരുന്നു. 

അഭിനയിക്കുന്ന കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. കമല്‍ സാര്‍ പറഞ്ഞ പോലെ ചെയ്യുക മാത്രമായിരുന്നു. സിനിമയെ കുറിച്ച് നല്ല പ്രതീക്ഷയാണുള്ളത്. നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ സിനിമയില്‍ തുടരാനാണ് താത്പര്യമെന്നും ചാന്ദിനി പറഞ്ഞു.സ്‌ക്രീനില്‍ തന്റെ മുഖം കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് യൂത്ത് ഫെസ്റ്റിവലില്‍ പാട്ട് മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. കൊല്ലം ഫാത്തിമ കോളേജിലായിരുന്നു ബി കോം. പഠനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകണമെന്നാണ് ചാന്ദിനിയുടെ ആഗ്രഹം. ഇരവിപുരം രാജേഷാണ് പാട്ടില്‍ ചാന്ദിനിയുടെ ഗുരു. പാടാന്‍ ആഗ്രഹമുണ്ട്. അവസരങ്ങള്‍ എങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല - ചാന്ദിനി കൂട്ടിച്ചേര്‍ത്തു. കൊല്ലം പള്ളിമുക്ക് മണക്കാട് വീട്ടില്‍ പ്രേംകുമാര്‍, ഗീത ദമ്പതിമാരുടെ മകളാണ് ചാന്ദിനി. പ്രശാന്ത്, ഗോവിന്ദ് എന്നിവര്‍ സഹോദരങ്ങളാണ്

Comment: ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരം ലഭിക്കേണ്ട അഭിനയം. കാത്തിരിക്കുക, എന്നായാലും ലഭിക്കാതിരിക്കില്ല. പി കെ റോസിയായി ജീവിച്ചതിന് , പ്രേക്ഷകരില്‍ ചിലരുടെയെങ്കിലും കണ്ണു നനയിച്ചതിന് അഭിനന്ദനങ്ങള്‍ !
-കെ എ സോളമന്‍ 

No comments:

Post a Comment