Saturday 2 March 2013

രോഗികളെ ദുരിതത്തിലാക്കി ഡോക്ടര്‍മാരുടെ പണിമുടക്ക്


തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്കിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആസ്പത്രികളില്‍ രോഗികള്‍ കടുത്ത ദുരിതത്തില്‍ വീണു. ഒ.പി.വിഭാഗം പ്രവര്‍ത്തിക്കാത്തതിനാല്‍ സമരം അറിയാതെ ആസ്പത്രിയിലെത്തിയ രോഗികള്‍ നിരാശരായി മടങ്ങി. അത്യാഹിത വിഭാഗം ഒഴികെ മറ്റ് പ്രവര്‍ത്തനങ്ങളെല്ലാം തടസ്സപ്പെട്ടു. മിക്കയിടത്തും പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നു.

തിരുവനന്തപുരത്ത് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയടക്കം ചിലയിടങ്ങളില്‍ ഒരു വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ സമരം ബഹിഷ്‌കരിച്ച് ജോലിക്കെത്തി. പ്രസവശസ്ത്രക്രിയകള്‍ മുടക്കം കൂടാതെ നടന്നു.

കെ.ജി.എം.ഒ.എ യുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചമുതല്‍ സര്‍ക്കാര്‍ പരിപാടികളോടുള്ള നിസ്സഹകരണവും ഡോര്‍ക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ചേര്‍ത്തല താലൂക്ക് ആസ്പത്രിയിലെ സൂപ്രണ്ടിനെ അകാരണമായി സ്ഥലം മാറ്റിയെന്നാരോപിച്ചാണ് വെള്ളിയാഴ്ച സൂചനാസമരം നടത്തിയത്. സര്‍ക്കാര്‍ ആസ്പത്രികളിലെ അവിഹിത രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. മാര്‍ച്ച് നാലുമുതല്‍ ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ അത്യാഹിത വിഭാഗം ഉള്‍പ്പെടുയുള്ള സേവനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

കമന്‍റ്: ഒരു ജനാധിപത്യ സര്‍ക്കാരിനെ എങ്ങനെ വട്ടം കറക്കാമെന്ന്  ഈ ഡോക്ടര്‍ മാര്‍ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു. ചേര്‍ത്തലയില്‍ നിന്നു ഒരു ഡോക്ടറെ സ്ഥലം മാറ്റാനാവില്ലെന്ന് വെച്ചാല്‍? സര്‍ക്കാരിന് ആര്‍ജവമുണ്ടെങ്കില്‍ കുറച്ചു പേരെ ഉടന്‍ പിരിച്ചുവിടുന്നത് നന്നായിരിക്കും 
-കെ എ സോളമന്‍ 
 

No comments:

Post a Comment