Friday, 27 July 2012

ലോകം ലണ്ടനിലേക്ക്‌



ലണ്ടന്‍: ലോകം കാത്തിരുന്ന കായിക മാമാങ്കത്തിന്‌ ഇന്ന്‌ തിരിതെളിയുന്നതോടെ കായിക പ്രേമികളുടെ ചങ്കിടിപ്പും ഉയരും. കഴിഞ്ഞ ഒളിമ്പിക്സില്‍ മൂന്ന്‌ ലോകറെക്കോര്‍ഡുമായി അരങ്ങുവാണ ജമൈക്കയുടെ യു.എസ്‌.എീന്‍ ബോള്‍ട്ട്‌ ലണ്ടനിലും ചരിത്രം കുറിക്കുമോ എന്നതാണ്‌ അത്ലറ്റിക്സ്‌ പ്രേമികള്‍ ഉറ്റുനോക്കുന്നത്‌. അതോ യോഹാന്‍ ബ്ലേക്കിന്റെ കുതിപ്പിന്‌ മുന്നില്‍ പിന്തള്ളപ്പെടുമോ? കഴിഞ്ഞ ഒളിമ്പിക്സില്‍ ഏഴ്‌ ലോക റെക്കോര്‍ഡ്‌ ഉള്‍പ്പെടെ എട്ട്‌ സ്വര്‍ണ്ണംനേടി റെക്കോര്‍ഡ്‌ സ്ഥാപിച്ച ഫെല്‍പ്സ്‌ ഇത്തവണ പങ്കെടുക്കുന്ന ഏഴ്‌ ഇനങ്ങളിലും സ്വര്‍ണ്ണം നേടുമോ? വനിതകളിലെ ബൂബ്ക എന്നറിയപ്പെടുന്ന ഇസിന്‍ബയേവ പോള്‍വോള്‍ട്ടില്‍ വീണ്ടും റെക്കോര്‍ഡ്‌ മറികടക്കുമോ എന്നീ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടാനുള്ള പോരാട്ടങ്ങള്‍ക്കാണ്‌ ഇന്ന്‌ തുടക്കം കുറിക്കുന്നത്‌. ഇതിനായി കണ്ടാലും കണ്ടാലും മതിവരാത്ത വര്‍ണങ്ങളില്‍, ഭാവങ്ങളില്‍ രൂപത്തില്‍ ന്യൂ ലണ്ടന്‍ മിഴി തുറന്നു. മുഖ്യവേദിയായി സ്ട്രാറ്റ്ഫഡ്‌ നഗരം സര്‍വ്വപ്രതാപങ്ങളോടെ തയ്യാറെടുത്തുകഴിഞ്ഞു.

ആധുനിക ഒളിമ്പിക്സിന്റെ 30-ാ‍ം പതിപ്പിനാണ്‌ ലണ്ടനിലെ ഒളിമ്പിക്‌ പാര്‍ക്കില്‍ ഇന്ന്‌ തിരിതെളിയുന്നത്‌. ഇന്ന്‌ ഉദ്ഘാടന ചടങ്ങുകള്‍ക്ക്‌ പുറമെ അമ്പെയ്ത്ത്‌ മത്സരം മാത്രമാണ്‌ നടക്കുന്നത്‌. പുരുഷ-വനിതാ വിഭാഗം വ്യക്തിഗത ഇനങ്ങളാണ്‌ ഇന്ന്‌ അരങ്ങേറുന്നത്‌. ഇന്ത്യയെ സംബന്ധിച്ച്‌ ഉദ്ഘാടന ദിനം ഏറെ പ്രധാനമാണ്‌. ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന അമ്പെയ്ത്ത്‌ മല്‍സരം ഇന്ന്‌ ആരംഭിക്കും. ദീപം തെളിയും മുന്‍പേ ഇന്ത്യയുടെ താരങ്ങള്‍ കളത്തിലിറങ്ങുകയും ചെയ്യും. ജാര്‍ഖണ്ഡില്‍ നിന്നുള്ള കൗമാര താരം ദീപികകുമാരിയാണ്‌ ഇന്ത്യന്‍ പ്രതീക്ഷകളും പേറി ആദ്യം കളത്തിലിറങ്ങുന്നത്‌. ദീപിക ഇനത്തിലെ റാങ്കിങ്‌ മല്‍സരങ്ങള്‍ നാളെ നടക്കും. മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ ബാഡ്മിന്റനില്‍ നാളെ കളത്തിലിറങ്ങും. ഇന്ത്യന്‍ പങ്കാളിത്തമുള്ള ഷൂട്ടിങ്‌, ടെന്നിസ്‌, ബോക്സിങ്‌, നീന്തല്‍, റോവിങ്‌, ഭാരോദ്വഹനം മല്‍സരങ്ങളും 28ന്‌ ആരംഭിക്കും.

വനിതാ വിഭാഗത്തില്‍ ബൊംബായ്‌ലാ ദേവി, ദീപിക കുമാരി, ചെക്രവോലു സുരോ എന്നിവരും പുരുഷവിഭാഗത്തില്‍ ജയന്ത താലുക്ക്ദാര്‍, രാഹുല്‍ ബാനര്‍ജി, തരുണ്‍ദേബ്‌ റായ്‌ എന്നിവരുമാണ്‌ ഇന്ത്യക്ക്‌ വേണ്ടി വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മത്സരിക്കാനിറങ്ങുന്നത്‌.

ആധുനിക നിര്‍മാണ വൈദഗ്ധ്യം നിറഞ്ഞുതുളുമ്പുന്ന സ്റ്റേഡിയത്തിനുവേണ്ടി 80.7 കോടി പൗണ്ടാണ്‌ ലണ്ടന്‍ ചെലവഴിച്ചത്‌. അതായത്‌ ഏകദേശം 6850 കോടിയിലേറെ രൂപ. വെളിച്ചത്തിന്റെയും നിഴലുകളുടെയും ത്രിമാന രീതികൊണ്ട്‌, നാം നില്‍ക്കുന്നത്‌ ഏതോ മായികലോകത്താണെന്ന തോന്നല്‍ വരുത്തുന്ന വിധത്തിലാണ്‌ ഇതിന്റെ നിര്‍മ്മിതി. ബ്രിട്ടനിലെ വെംബ്ലി, ട്വിക്കെന്‍ഹാം സ്റ്റേഡിയങ്ങള്‍ കഴിഞ്ഞാല്‍ വലിപ്പത്തിലും ആധുനിക സൗകര്യങ്ങളുടെ കാര്യത്തിലും തൊട്ടുപിന്നിലാണ്‌ ഈ സ്റ്റേഡിയം.

എണ്‍പതിനായിരം പേര്‍ക്ക്‌ സുഖമായിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഇരുപതിനായിരം സീറ്റുകള്‍ ഒളിംപിക്സിനുവേണ്ടി മാത്രം തയാറാക്കിയതാണ്‌. ഒളിംപിക്സിനു കൊടിയിറങ്ങുന്നതോടെ അത്‌ ഒഴിവാക്കും. സ്റ്റേഡിയത്തില്‍ എവിടെയിരുന്നാലും ഉള്ളിലെ ദൃശ്യങ്ങള്‍ കാണാനാവുന്ന വിധത്തില്‍ കൂറ്റന്‍ എല്‍സിഡി സ്ക്രീനുകള്‍, ഓരോ ചെരിവിലും പടുകൂറ്റന്‍ ടിവി സ്ക്രീനുകള്‍. ആഡംബരപൂര്‍ണ്ണമായ ഇരിപ്പിടങ്ങള്‍, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മീഡിയ റൂമുകള്‍ എല്ലാം സുസജ്ജമായി.
Comment: 204 ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കുന്ന മഹാമേളയ്ക്ക് എല്ലാ വിധ ആശംസകളും !
-കെ എ സോളമന്‍ 

No comments:

Post a Comment