Sunday, 1 July 2012

മദ്യാസക്തിയില്‍ മലയാളി; പ്രതിദിന മദ്യവില്‍പ്പന 20 കോടി പിന്നിട്ടു



കൊച്ചി: മലയാളിയുടെ പ്രതിദിന മദ്യ വില്‍പ്പന തുക ശരാശരി 20 കോടി രൂപ പിന്നിട്ടു. ജനസംഖ്യാനുപാത കണക്കില്‍ ആറര ഇരട്ടി തുകയും ആളോഹരി ഉപഭോഗത്തില്‍ ഒന്നാംസ്ഥാനവും പിന്നിട്ട മലയാളക്കരയിലെ മദ്യവില്‍പ്പന സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗത്തില്‍ ഒന്നാം സ്ഥാനവും നേടിക്കഴിഞ്ഞു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം സര്‍ക്കാര്‍തല മദ്യവില്‍പ്പന കേന്ദ്രങ്ങളിലൂടെ നടത്തിക്കൊണ്ടുള്ള വില്‍പ്പന തുക 7000 കോടി രൂപ പിന്നിട്ടതായാണ്‌ റിപ്പോര്‍ട്ട്‌. 2011-12 വര്‍ഷമിത്‌ 6700 കോടി രൂപയായിരുന്നു. മദ്യശാലകളുടെ പ്രവര്‍ത്തിദിനങ്ങളും മദ്യവില്‍പ്പനതോതും തമ്മിലുള്ള കണക്കുകള്‍ പ്രകാരം ഔദ്യോഗിക മദ്യവില്‍പ്പന തുക പ്രതിദിനം ശരാശരി 20 കോടിയിലുമേറെയാണെന്നാണ്‌ വ്യാപാര കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌.

മദ്യാസക്തിയുടെ വളരുന്ന വലയത്തില്‍ അകപ്പെട്ട മലയാളക്കരയില്‍ പ്രതിവര്‍ഷമദ്യവില്‍പ്പന ശരാശരി നിരക്ക്‌ ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നാണ്‌ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌. ജനനം മുതല്‍ മരണംവരെയുള്ള സുഖ ദുഃഖ നിമിഷങ്ങളെ മദ്യസല്‍ക്കാരത്തിന്റെതാക്കി മാറ്റുന്ന മലയാളി കേരളത്തിലെ മാറിവരുന്ന സാംസ്ക്കാരിക-സാമൂഹിക മാറ്റത്തില്‍ മലയാളിയുടെ മാനം മദ്യത്തിന്റെതാക്കി മാറ്റുമെന്നാണ്‌ ആശങ്ക ഉയര്‍ന്നിരിക്കുന്നത്‌. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തിനിടയില്‍ മദ്യ ഉപഭോഗവളര്‍ച്ചയില്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക്‌ 1400 ശതമാനത്തിലുമേറെയെന്നാണ്‌ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. .
Comment: "സ്പിരിറ്റ്" സിനിമയ്ക്കു ടാക്സ് ഇളവു ചെയ്തുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ ബോധവല്‍കരണത്തിന് ഫലം കണ്ടു തുടങ്ങി!
-കെ എ സോളമന്‍ 

2 comments: