Tuesday, 19 November 2013

സെറ്റും കോളേജ് അധ്യാപകനിയമനത്തിന് യോഗ്യതയാക്കാമെന്ന് യു.ജി.സി. ചെയര്‍മാന്‍


ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലെ സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപക നിയമനത്തിന് സെറ്റും (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യതയാക്കാമെന്ന് യു.ജി.സി. ചെയര്‍മാന്‍ വേദ് പ്രകാശ്.

നിലവില്‍ യു.ജി.സി. നടത്തുന്ന നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ആണ് രാജ്യത്ത് അസിസ്റ്റന്‍റ് പ്രൊഫസര്‍മാരെ നിയമിക്കാനുള്ള മാനദണ്ഡം. എന്നാല്‍ സെറ്റ് കോളജ് അധ്യാപനരംഗത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മാനദണ്ഡമാക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം പഞ്ചാബില്‍ നടന്ന ചടങ്ങിലാണ് വേദ്പ്രകാശ് ഇക്കാര്യം പറഞ്ഞത്.

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്.) ലക്ചറര്‍ഷിപ്പിനും ആയാണ് യു.ജി.സി. നെറ്റ് പരീക്ഷ നടത്തുന്നത്. എന്നാല്‍ കോളേജ് അധ്യാപക തസ്തികളുടെ എണ്ണത്തിന് ആനുപാതികമായ അത്രയും പേര്‍ ഈ പരീക്ഷയില്‍ യോഗ്യത നേടുന്നില്ല. ഈ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലും അധ്യാപകക്ഷാമം നേരിടുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കോളേജ്-സര്‍വകലാശാലാ അധ്യാപക നിയമനത്തിന് സ്വന്തമായി യോഗ്യതാ പരീക്ഷകളുണ്ട്.

ഇത്തരം പരീക്ഷകള്‍ക്ക് യു.ജി.സി.യുടെ അംഗീകാരം വേണം. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, പശ്ചിമബംഗാള്‍, ഗുജറാത്ത്, രാജസ്ഥാന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് സ്വന്തമായി സംസ്ഥാന യോഗ്യതാ പരീക്ഷകളുണ്ട്. മഹാരാഷ്ട്രയില്‍ പുണെ സര്‍വകലാശാലയാണ് പരീക്ഷ നടത്തുന്നത്. പശ്ചിമബംഗാളില്‍ കോളേജ് സര്‍വീസസ് കമ്മീഷനും. എന്നാല്‍ കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനാണ് സെറ്റ് നടത്തുന്നത്. നേരത്തേ, എം.ഫില്‍ ഉള്ളവരെ നിയമിക്കാമെന്ന ആലോചന സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവാരം കുറയുമെന്ന് പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ആലോചന തള്ളിയത്.

സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും സ്വയംഭരണം നല്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യു.ജി.സി. ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. സര്‍വകലാശാലാ വിദ്യാഭ്യാസതലത്തില്‍ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍ക്ക് കൂടുതലധികാരം നല്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ (റുസ) പദ്ധതിയുടെ കീഴില്‍ സര്‍വകലാശാലാ വിദ്യാഭ്യാസത്തില്‍ സമഗ്രമായ മാറ്റം ലക്ഷ്യമാക്കി പരിഷ്‌കരണങ്ങളും നടപ്പാക്കുന്നുണ്ട്. പുതിയ സര്‍വകലാശാലകളും കോളേജുകളും സ്ഥാപിക്കുകയും കൂടുതല്‍ അധ്യാപക നിയമനങ്ങള്‍ നടത്തുകയും ഇതില്‍ ലക്ഷ്യമിടുന്നുണ്ട്.

Comment : നല്ല കാര്യം,സെറ്റുകൂടി വരുമ്പോൾ  അധ്യാപക നിയമനത്തിന്കോഴ 40 ലക്ഷം എന്നത് 60 ലക്ഷമാക്കി ഉയർത്തമെന്നതു നേട്ടം തന്നെ. 
-കെ എ  സോളമൻ 

No comments:

Post a Comment