Monday, 25 November 2013

ഓട്ടോറിക്ഷ, ഒപ്പം ടോയ്‌ലറ്റും


Photo

സ്റ്റേറ്റുകാറില്‍ പായുന്ന മന്ത്രി ഓട്ടോറിക്ഷ ഓടിക്കുന്നതു കണ്ട്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ അന്ധാളിപ്പുണ്ടായെന്ന്‌ തിരുവനന്തപുരം വാര്‍ത്ത. വാര്‍ത്തയിലെ മന്ത്രി, മത്സ്യമന്ത്രി ബാബുവാണ്‌. മത്സ്യമന്ത്രിയായിരിക്കെ അദ്ദേഹം എക്സൈസ്‌ മന്ത്രിയുമാണ്‌. എക്സൈസ്‌ വകുപ്പിനും മന്ത്രിക്കും ജനത്തെ അന്ധാളിപ്പിക്കലാണല്ലോ മുഖ്യവിനോദം.
അത്ഭുതം സംഭവിച്ചത്‌ മത്സ്യവിപണനതൊഴിലാളികള്‍ക്ക്‌ തീരദേശ വികസന കോര്‍പ്പറേഷന്‍ ഓ‍ട്ടോറിക്ഷാ വിതരണം ചെയ്തപ്പോഴാണ്‌. കേരളത്തിലെ തെരുവായ തെരുവെല്ലാം, മത്സ്യ വിപണന തൊഴിലാളികള്‍ എന്ന മീന്‍കച്ചവടക്കാര്‍ മീന്‍ചന്തയാക്കി നാറ്റിച്ചുകൊണ്ടിരിക്കുകയാണ്‌. നാറ്റിക്കാന്‍ ഇനിയും സ്ഥലം അവശേഷിക്കുന്നുണ്ടെങ്കില്‍ ഓട്ടോറിക്ഷയില്‍ പോയി നാറ്റിക്കട്ടെയെന്നതാണ്‌ തീരദേശ വികസന കോര്‍പ്പറേഷന്റെയും മത്സ്യമന്ത്രിയുടെയും തീരുമാനം. പണ്ട്‌ തിരുവിതാംകൂര്‍ രാജാവിന്റെ ഭരണകാലത്ത്‌ കേന്ദ്രീകൃതമായി ഡ്രയിനേജോടുകൂടി നടത്തിയിരുന്ന മത്സ്യമാര്‍ക്കറ്റുകളെല്ലാം പൊളിച്ചടുക്കി റോഡരികില്‍ സ്ഥാപിച്ചിരിക്കുകയാണ്‌ മത്സ്യവിപണന തൊഴിലാളികള്‍. കോളറാ പടര്‍ന്നുപിടിച്ച്‌ കൂട്ടമരണം സംഭവിക്കാന്‍ ഇതാണ്‌ എളുപ്പമാര്‍ഗം!
65-ാ‍ം ജന്മദിനം കുമരകത്ത്‌ ആഘോഷിക്കാന്‍ എത്തിയ രാജകുമാരനും രണ്ടാംഭാര്യ കാമില്ലാക്കും വഴിയൊരുക്കിയതിന്റെ പേരില്‍ കുച്ചൊന്നുമല്ല പോലീസിന്റെ തെറി ജനം കേട്ടത്‌. രാജാവിന്റെയും പത്നിയുടെയും ചേര്‍ത്തല-കുമരകം യാത്രയില്‍ റോഡരികില്‍ കണ്ട മത്സ്യസ്റ്റാളുകളുടെ എണ്ണം എടുത്തുരസിക്കുകയായിരുന്നു കാമില്ലായെന്ന്‌ ബ്രിട്ടണിലെ ‘ലണ്ടന്‍ ടൈംസ്‌’ റിപ്പോര്‍ട്ടുചെയ്യുന്നു. രണ്ടാംപത്നിയുടെ എണ്ണമെടുപ്പ്‌ ഒന്നാം പത്നി ഡയാന സ്വര്‍ഗത്തിലിരുന്ന്‌ കാണുന്നുണ്ടായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം സ്റ്റാളുകള്‍ 240 എന്ന്‌ കാമില്ലായും 239 എന്ന്‌ രാജാവിന്റെ മന്ത്രിയും. രണ്ട്‌ ദിവസം കുമരകം ‘ലേക്ക്‌ റിസോര്‍ട്ടില്‍’ താമസിച്ചു കൂട്ടി നോക്കിയിട്ടും പത്നിയുടെയും മന്ത്രിയുടെയും കണക്ക്‌ പൊരുത്തപ്പെടാത്തതില്‍ രാജകുമാരന്‍ അത്ഭുതപ്പെടുകയും ചെയ്തു. കൊളോണിയല്‍ ഉച്ചിഷ്ടം തിന്നു മതിയാകാത്തവരുടെ ദണ്ഡനമസ്കാരമാണ്‌ 2100 പോലീസിനെ മുന്നിലും പുറകിലും നിര്‍ത്തിയുള്ള രാജാവിന്റെ കുമരകം ഘോഷയാത്ര. ഈ മുടക്കിയ കാശൊന്നും രാജാവ്‌ തൊഴിലുചെയ്ത്‌ ഉണ്ടാക്കിയതെന്ന്‌ ആരും പറയില്ല. ജനിക്കുന്നെങ്കില്‍ രാജകുമാരനായി ജനിക്കണം. വഴിയരുകില്‍ നോക്കിനിന്ന്‌ തെറികേള്‍ക്കുന്നവനായി ജനിക്കരുത്‌.
മന്ത്രിയുടെ ഓട്ടോറിക്ഷാ പ്രകടനത്തില്‍ ജനത്തിനുണ്ടായ അന്ധാളിപ്പ്‌ ആദ്യത്തേതല്ല. സമാന അന്ധാളിപ്പുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌. മന്തിന്റെ ഗുളിക വിഴുങ്ങാന്‍ മടിച്ച ജനത്തെ ഗുളിക വിഴുങ്ങിക്കാണിച്ചുകൊണ്ട്‌ മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അന്ധാളിപ്പിച്ചിട്ടുണ്ട്‌. ചെണ്ടകൊട്ട്‌ വശമില്ലാത്ത മുന്‍ ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌ ചെണ്ടക്കാരിയുടെ തോളത്ത്‌ തൂക്കിയ ചെണ്ടയില്‍ കൊട്ടി ചെണ്ടമേളം ഉദ്ഘാടനം ചെയ്തപ്പോള്‍ അന്ധാളിച്ച ജനത്തിന്റെ കാര്യം മറക്കാറായിട്ടില്ല. തെങ്ങുകയറ്റമറിയില്ലെങ്കിലും ആലപ്പുഴ-ചേര്‍ത്തല മുനിസിപ്പാലിറ്റികളിലെ വനിതാ ചെയര്‍പേഴ്സണ്‍മാര്‍ തെങ്ങില്‍ കയറി തെങ്ങുകയറ്റ പരിശീലനം ഉദ്ഘാടനം ചെയ്യുന്നത്‌ കണ്ട്‌ ജനം ഞെട്ടിയിട്ടുണ്ട്‌. പക്ഷെ എന്തുകൊണ്ടോ ഇ-ടോയ്‌ലറ്റിന്റെ ഉദ്ഘാടനത്തിന്‌ ഈവിധ ആവേശമൊന്നും കാണുന്നില്ല.
ഇ-ടോയ്‌ലറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ്‌ ചേര്‍ത്തലയില്‍ കഴിഞ്ഞിടെ ഉദ്ഘാടനം ചെയ്ത മൂന്നെണ്ണത്തിന്റെ കാര്യം ഓര്‍മ്മയില്‍ വന്നത്‌. പച്ചലൈറ്റും തെളിച്ചു വഴിയരുകില്‍ കാത്തുകിടക്കുന്നതല്ലാതെ മനുഷ്യരാരും കേറി രണ്ട്‌ രൂപ നിക്ഷേപിക്കുന്നില്ല. തെരുവുനായ്ക്കളില്‍ ചിലര്‍ ഇ-ടോയ്‌ലറ്റിന്റെ മൂലയില്‍ വല്ലപ്പോഴും പിന്‍കാലു പൊക്കി നില്‍ക്കാറുണ്ടെങ്കിലും പച്ചലൈറ്റു കെട്ട്‌ ചുവപ്പുലൈറ്റ്‌ തെളിയാറില്ല. രണ്ട്‌ രൂപ മുടക്കാന്‍ ഇല്ലാഞ്ഞിട്ടല്ല, കാര്യം നടത്തുന്നതിലെ ഫോര്‍മാലിറ്റീസ്‌ ഓര്‍ക്കുമ്പോഴാണ്‌ ജനത്തിന്‌ പേടി. അല്‍പം വൈകിപ്പോയാല്‍ കളക്ടര്‍, എക്സിക്യൂട്ടീവ്‌ മജിസ്ട്രേറ്റ്‌, മുനിസിപ്പല്‍ സെക്രട്ടറി, വകുപ്പുമന്ത്രി എന്നിവര്‍ക്കാണ്‌ സന്ദേശം പോകുന്നത്‌. സന്ദേശം എത്തുന്നത്‌ ഇവര്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണെങ്കില്‍ എന്താ ചെയ്യുക. നാണോം മാനോമുള്ളവര്‍ ഇ-ടോയ്‌ലറ്റിലെ സാഹസത്തിന്‌ എന്നെങ്കിലും മുതിരുമോ?
ഓട്ടോറിക്ഷ കിട്ടുന്ന മത്സ്യവിപണനതൊഴിലാളിക്ക്‌ ടോയ്‌ലറ്റ്‌ സൗകര്യവും നല്‍കുമെന്നാണ്‌ മന്ത്രിയുടെ ഭീഷണി. അത്‌ ഇ-ടോയ്‌ലറ്റ്‌ ആകാതിരുന്നാല്‍ ഭാഗ്യം. ഇ-ടോയ്‌ലറ്റില്‍നിന്നുള്ള വരുമാനം എത്ര ലക്ഷമെന്ന്‌ ബന്ധപ്പെട്ടവര്‍ ഒന്ന്‌ പരസ്യപ്പെടുത്തുമോ?

കെ.എ. സോളമന്‍
Janmabhumi Daily on 25-11-2013

No comments:

Post a Comment