തിരുവനന്തപുരം: ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കേരളാ കോണ്‍ഗ്രസ് ബി നേതാവ് വേണുഗോപാലന്‍ നായര്‍ പറഞ്ഞു. അടുത്ത മാസം സത്യപ്രതിജ്ഞാ ചടങ്ങ് നടത്താമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് വേണുഗോപാലന്‍ നായര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം തിരിച്ചു ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഗണേഷ്‌കുമാര്‍ കഴിഞ്ഞ മാസം എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ച് പാര്‍ട്ടി ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.
അതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി നീക്കാന്‍ മുഖ്യമന്ത്രി ഗണേഷ്‌കുമാറിനെ മന്ത്രിസഭയിലെടുക്കാനുള്ള തീരുമാനമെടുത്തായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതിനെത്തുടര്‍ന്ന് തീരുമാനം മാറ്റി. ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പിന്നീട് പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാമെന്ന് ധാരണയുണ്ടായിരുന്നതായാണ് രാജിവാര്‍ത്തയോട് ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചത്. മന്ത്രിയാക്കാമെന്ന ധാരണ യുഡിഎഫും ഗണേഷ് കുമാറും തമ്മിലുണ്ടായിരുന്നതായും അത് പാലിക്കാത്തതില്‍ ഗണേഷിന് പ്രയാസമുണ്ടെന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് ഗണേഷ് കുമാറിന് നേരത്തെ മന്ത്രിസ്ഥാനം രാജിവേക്കേണ്ടിവന്നത്.
Comment കുറുപ്പിന്റെ ഉറപ്പിനെ ഇപ്പോൾ ഉമ്മന്റെ ഉറപ്പു എന്നാണ് വിളിക്കുന്നത്
k A Solaman
No comments:
Post a Comment