ഒടുക്കം കോണ്ഗ്രസ് ഹൈക്കമാന്‍ഡ് കുഴപ്പം മണത്തറിഞ്ഞു. ചാനല്‍ ചര്‍ച്ചയാണ് എല്ലാകുഴപ്പങ്ങള്‍ക്കും കാരണം. ചാനലില്‍ കേറിയിരുന്നു ഓരോരുത്തന്‍മാര്‍ വിളിച്ചുപറയുന്നതു എന്തെന്ന് പറയുന്നവനോ പറയിപ്പിക്കുന്നവനോ അറിയില്ല. പ്രസംഗി ക്കുമ്പോള്‍ ചിലരുടെ തല അശേഷം പ്രവര്‍ത്തിക്കില്ല എന്നാണ് പറയുന്നത്. ഇത് നേരെന്നു അടിവരയിടുന്നതാണ് ഒട്ടുമിക്ക ചാനല്‍ ചര്‍ച്ചകളും.
കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് ഇനി കോണ്‍ഗ്രസിലെ ആരും ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകള്‍ നടത്തേണ്ടെന്നു ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഷാനവാസ്, ഉണ്ണിത്താന്‍,വാഴക്കന്‍, തേങ്ങായ്ക്കന്‍ തുടങ്ങിയവരുടെ വെള്ളം കൂടി ഇതോടെമുട്ടി. ചര്ച്ച കഴിയുമ്പോള്‍ പറഞ്ഞ വിവരക്കേടിന്റെ തോതുവെച്ചു ചാനല്‍ മുതലാളി ഒരു കവര്‍ പോക്കറ്റില്‍വെച്ചു കൊടുക്കും. അടുത്ത ചര്ച്ച വരെയുള്ള ചില്ലറ ചെലവിന് ഈ തുക മതിയാകും. അത് മുട്ടിച്ചുകളയുന്ന തീരുമാനമാണ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടിരിക്കുന്നത്. ചെന്നിത്തലവിഷയവുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്‌താവനകളോ ചാനല്‍ ചര്‍ച്ചയോ വേണ്ടെന്നു കേരളത്തിലെ നേതാക്കള്‍ക്കു നിര്‍ദേശം നല്കിയത് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്‌ത്രിയാണ്.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്രട്ടറി നടത്തുമ്പോള്‍ കേരളത്തിലെ കാര്യങ്ങള്‍ കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി നിര്‍വഹിക്കും, അമേരിക്കയിലെ കാര്യങ്ങള്‍ അമേരിക്കയുടെ ചാര്‍ജുള്ള സെക്രട്ടറിയും ചൈനയിലേത് അതിന്റെ ചാര്‍ജുള്ള സെക്രട്ടറിയും തീരുമാനിക്കും. ചൈനയില്‍ പെണ്‍കുട്ടികള്‍ പരീക്ഷ എഴുത്തുംപോള് ബ്രാ ധരിക്കാന്‍ പാടില്ലെന്നാണ് പുതിയനിയമം. കേരളത്തില്‍ ഈ നിയമം നടപ്പിലാക്കാന്‍ കേരളത്തിന്റെ ചാര്‍ജുള്ള സെക്രട്ടറി എന്തു ചെയ്യുമെന്നത് ആ നിയമം നടപ്പിലാക്കാന്‍ പോകുമ്പോഴേ അറിയൂ. ഒരു കാര്യം തീര്‍ച്ചയാണ്, ബ്രാ ധരിക്കുന്നത് സംബന്ധിച്ചു യു.ഡി എഫ് സര്ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ എല്‍ ഡി എഫ് സര്ക്കാര്‍ വരുമ്പോള്‍ തീരുമാനം എടുത്തിരിക്കും. മധുര മനോജ്ഞ ചൈനയില്‍ പെണ്‍പിള്ളാര്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കുമെങ്കിലും അവിടുത്തെ കാര്യങ്ങള്‍ സര്‍വം ഭദ്രമെന്ന് ഇവിടുത്തെ ചൈനാനോക്കികളായ സഖാക്കള്‍ക്ക് നന്നായ് അറിയാം.
മിസ്ത്രി ബുദ്ധിമാനാണ്, ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ കേരളത്തില്‍ വന്നുനേരിട്ടുകോണ്ഗ്രസ് നേതാക്കളെ അറിയിക്കില്ല. പകരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കും പ്രത്യേകം പ്രത്യേകം നിര്‍ദേശം നല്‍കും. നേരിട്ടുവന്നു പറഞ്ഞാല്‍ പണ്ട് ഉണ്ണിത്താന് ഉടുതുണിയുമായി ബന്ധപ്പെട്ടു സംഭവിച്ചതു പോലെ എന്തെങ്കിലും സംഭവിച്ചാലോ? ചാനലുകള്‍ നിരങ്ങി വിവരക്കേട് വിളിച്ച് കൂവേണ്ട എന്ന മിസ്ത്രിയുടെ നിര്‍ദേശം ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഗ്രൂപ്പിനെയും ചെന്നിത്തല, ഉമ്മഞ്ചാണ്ടിയുടെ അനുയായികളെയും വെവ്വേറെഅറിയിയ്ക്കും.
ചാനല്‍ ചര്‍ച്ചയും തിരുവാതിര കളിയും വിലക്കിയ സ്ഥിതിക്ക് മലയാളി ഹൌസ് മോഡലില്‍ ഒരു “ലോകമ്മാണ്ട് ഹൌസ്” പരിപാടി കേരളത്തിലെ കോണ്ഗ്രസ് നേതാക്കള്‍ക്കു ആലോചിക്കാവുന്നതാണ്. ഇത് രാമന്‍നായരുടെ സജ്ജഷനാണ്, ഇരുപക്ഷത്തേയും നേതാക്കളുടെ വീറും വാശിയും അല്പം താറുന്നതിന് ഈ പരിപാടി സഹായകരമാവും.
വ്യെത്യസ്ത സ്വഭാവവും സ്വഭാവഗുണം തീരെ ഇല്ലാത്തവരുമായ പതിനാറുപേര്‍ ഒരുവീട്ടില്‍ ഒരുകുടുംബം പോലെ നൂറു ദിവസം കഴിയുന്നതാണ് നിലവില്‍ ഹിറ്റായ മലയാളി ഹൌസ് ചാനല്‍ ഷോ. കഥപറച്ചില്‍, അക്ഷരംഎഴുത്ത്, പാചകം, പുകവലി, മദ്യപാനം,കൂര്‍ക്കംവലി, തലോടല്‍, സ്വപ്നാടനം, കെട്ടിപ്പിടുത്തം, ശൌചം അങ്ങനെ എല്ലാമുണ്ട് മലായാളി ഹൌസില്‍.. കേരളത്തിന്റെ മുന്‍ വിപ്ലവനായികയും നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ മകളുമായ സിന്ധുജോയി തൊട്ട് സിനിമയെന്നാല്‍ കോപ്പിരാട്ടിയെന്ന് കരുതുന്ന സന്തോഷ് പണ്ടിറ്റുവരെ ഉണ്ട് മലയാളി ഹൌസില്‍. കൂട്ടത്തില്‍ ആണും പെണ്ണും കെട്ട വേറെയും ചിലര്‍... പരിപാടി ഹിറ്റായതോടെ ഷക്കീല സിനിമകള്‍ക്ക് വേണ്ടി പണ്ട് കൊട്ടകയില്‍ ക്യൂ നിന്നവര്‍ മലയാളി ഹൌസ് കാണാന്‍ ടിവിക്ക് മുന്നില്‍ കാത്തുകെട്ടികിടപ്പാണ്. ഷോ പുരോഗമിച്ചതോടെ പരിപാടിയുടെ അവതാരിക സിനിമ നടി “കിലുക്കം രേവതി” ഭര്‍ത്താവിനെ പിരിച്ചുവിട്ടു സര്‍വതന്ത്ര സ്വതന്ത്രയായി. മലയാളി ഹൌസില്‍ ഇനി എന്തൊക്കെ സംഭവിക്കുമെന്നറിയാന്‍ ചാനല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. അവാര്‍ഡ് സിനിമാനടിയുടെ ഓപ്പണ്‍ പ്രസവം മാതിരി ഒരു ഓപ്പണ്‍വേഴ്ചയാണ് ഒട്ടുമിക്ക പുരുഷ പ്രേക്ഷകരുടെയും മിനിമം പ്രതീക്ഷ.
പരിപാടിയുടെ വന്‍സ്വീകാര്യത കണക്കിലെടുത്തു മറ്റ് ചാനലുകളും ഇതേ വഴി സ്വീകരിക്കുമെന്ന് കരുതാം. പേര് “ലോകമ്മാണ്ട് ഹൌസ്” എന്നവുമ്പോള്‍ ഇപ്പോള്‍ ചാനലില്‍ കേറിയിരുന്നു ചര്‍ച്ചയെന്നും പറഞ്ഞു ബഹളമുണ്ടാക്കുന്നവര്‍ക്ക് ജനങ്ങുളുടെ മുന്നില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമായി, മധുസൂദന്‍ മേസ്തരിയുടെ വിപ്പ് ലംഘിക്കുന്നില്ലെന്നു മാത്രമല്ല കൂടുതല്‍ പേര്‍ പരിപാടി കാണുകയും ചെയ്യും.
No comments:
Post a Comment