Saturday 1 June 2013

നാരായണ മൂര്‍ത്തി ഇന്‍‌ഫോസിസില്‍ മടങ്ങിയെത്തി











ന്യൂദല്‍ഹി: ഇന്‍ഫോസിസിന്റെ തലപ്പത്ത് എന്‍ ആര്‍. നാരായണ മൂര്‍ത്തി തിരിച്ചെത്തി. കമ്പനിയുടെ എക്സിക്യുട്ടീവ് ചെയര്‍മാനും അഡീഷണല്‍ ഡയറക്ടറുമായാണ് മൂര്‍ത്തിയുടെ മടങ്ങിവരവ്. ഞായറാഴ്ച്ച ചേര്‍ന്ന ഇന്‍ഫോസിസ് ബോര്‍ഡ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഒരു രൂപ ശമ്പളത്തിലായിരിക്കും നാരായണ മൂര്‍ത്തി ഇന്‍ഫോസിസില്‍ സേവനമനുഷ്ടിക്കുകയെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് മൂര്‍ത്തിയുടെ നിയമനം. വിരമിച്ച് രണ്ടു വര്‍ഷത്തിന് ശേഷമാണ് മൂര്‍ത്തിയുടെ മടങ്ങി വരവ്. ടിസിഎസ്, കോഗ്‌നീസന്റ, എച്ച്‌സിഎല്‍ തുടങ്ങിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഫോസിസിന്റെ വളര്‍ച്ച കുറവാണെന്നതാണ് നാരായണ മൂര്‍ത്തിയെ വീണ്ടും ഇന്‍ഫോസിസിന്റെ ഭരണ സ്ഥാനത്ത് എത്തിക്കാന്‍ കാരണം.
ഇന്‍ഫോസിസ് സ്ഥാപകരില്‍ പ്രധാനിയായ നാരായണ മൂര്‍ത്തി 1981 മുതല്‍ 2002 വരെ കമ്പനിയുടെ സിഇഒ ആയിരുന്നു. 2002ല്‍ ചെയര്‍മാനായി ചുതലയേറ്റ നാരായണമൂര്‍ത്തി 2011ലാണ് സ്ഥാനമൊഴിഞ്ഞത്. പിന്നീട് ചെയര്‍മാന്‍ എമിരറ്റസായി തുടര്‍ന്നു വരികയായിരുന്നു.
സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ കെ വി കമ്മത്ത് സ്വതന്ത്ര ഡയറക്ടറായി തുടരും. നാരായണ മൂര്‍ത്തിയുടെ പുത്രന്‍ രോഹന്‍ മൂര്‍ത്തിയും അദ്ദേഹത്തെ സഹായിക്കാന്‍ ഉണ്ടാകും. ആദ്യമായാണ് രോഹന്‍ മൂര്‍ത്തി ഇന്‍ഫോസീസില്‍ എത്തുന്നത്. രോഹന്‍ നാരായണ മൂര്‍ത്തിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായിരിക്കും.
നിലവില്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും മലയാളിയുമായ ക്രിസ് ഗോപാലകൃഷ്ണന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായും ബോര്‍ഡ് യോഗം നിയമിച്ചു. എസ്.ഡി.ഷിബുലാല്‍ൽ കമ്പനിയുടെ എം.ഡിയും സി.ഇ.ഒയുമായി തുടരും.

കമന്‍റ് :എല്ലാം ഒരുതരം അഡ്ജസ്റ്റ്മെന്‍റ്.. ശമ്പളം ഒരുരൂപായ്ക്ക് പകരം പത്തുരൂപ ആക്കാമായിരുന്നു ! ഒരു രൂപയ്ക്കു ഇപ്പോ എന്തുകിട്ടാനാ?
-കെ എ സോളമന്‍ 

No comments:

Post a Comment