ഒത്തിരി ഗൃഹാതുരത്വം ചാക്കില്‍ കെട്ടി ചുമന്നാണു അയാള്‍ ആ ചായക്കടയ്ക്ക്
മുന്നില്‍ കാര്‍ നിര്‍ത്തിയത്. പഠിച്ച സ്കൂളിനു മുന്നിലെ ചായക്കട, 50 വര്ഷം മുന്പ് കണ്ട അതേ
രൂപത്തില്‍. സ്കൂള്‍ ഒരുപാട് മാറിപ്പോയിരിക്കുന്നു, അന്നത്തെ
യു പി സ്കൂള്‍ ഇന്ന് ഹൈയര്‍സെക്കന്‍ററിയാണ്. ചായക്കടയ്ക്ക് മാത്രംമാറ്റമൊന്നുമില്ല, അതേകെട്ടിടം. അന്ന് ചായ തന്നിരുന്ന കടക്കാരന്‍ അവിടെ ഉണ്ടാകുമോ? അയാളുടെ രൂപം നേരിയ ഓര്‍മ്മയുണ്ട്, കറുത്ത് മെലിഞ്ഞിട്ടു
ഇടത്തോട്ടു അല്പം വളഞ്ഞു. ചായ എടുത്തെടുത്ത് ഉണ്ടായ വളവാണ്. ഉണ്ടംപൊരി ഏത് ഉണ്ണിയപ്പം
ഏത് എന്നു തിരിച്ചയറിയാന്‍ പറ്റാത്ത അയാളുടെ പലഹാരത്തിന് എന്തായിയിരുന്നു ടേസ്റ്റ്, അത്രയ്ക്ക് വിശാപ്പായിരുന്നു അന്ന്.
“ചായ ഉണ്ടോ?”
വേണ്ടീട്ടായിരുന്നില്ല, എങ്കിലും അയാള്‍ കാറില്‍
നിന്നറങ്ങി ചോദിച്ചു. കട വരാന്തയിലെ തിണ്ണയില്‍ അല്പനേരം ഇരിക്കണം, ചായകുടിക്കുന്നത്ര നേരം. പണ്ട് ഒത്തിരി നേരം ഇരുന്നിട്ടുള്ളതാണ്. അയാള്‍ പറഞ്ഞ
ഒത്തിരി തമാശകള്‍ കേട്ടു ചിരിച്ചിട്ടുണ്ട്.
“അല്പം നേരമെടുക്കും” കടക്കാരന്ടെ ശബ്ദം.
പണ്ടു കണ്ട ആളെപ്പോലെ തന്നിരിക്കുന്നു, ഒരുമാറ്റവുമില്ല, 50 കൊല്ലം കൊണ്ട് മനുഷ്യനു ഒരു മാറ്റവുമുണ്ടാവില്ലെ?. ഇല്ല, ഇത് അദ്ദേഹത്തിന്റെ മകനാവണം.
ചരിത്രവും ഭൂമിശാസ്ത്രവും ചോദിക്കണമെന്ന് തോന്നിയില്ല. അയാള്‍ക്കവിടെ
അല്പനേരം ഇരിക്കണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“എത്ര നേരമെടുക്കും?”
“ പാലില്ല, വരണം. എപ്പോള്‍ വരുമെന്നു പറയാന്‍ പറ്റില്ല.”
കടക്കാരന്റെ ഒട്ടും മയമില്ലാത്ത മറുപടികേട്ടു അയാള്‍ക്കു വിഷമം തോന്നി.
കട വരാന്തയിലെ തിണ്ണയില്‍ ആയാള്‍ക്ക് ഇരിക്കാന്‍ തോന്നിയില്ല.
ചുമന്നു കൊണ്ടുവന്ന് ഗൃഹാതുരത്വത്തിന്റെ ചാക്കുകെട്ടുമായി അയാള്‍ തിരികെ കാറില്‍ കേറി
എങ്ങോട്ടോ ഓടിച്ചുപോയി.
-കെ
എ സോളമന്‍
No comments:
Post a Comment