Tuesday 18 June 2013

പിഎസ്സിയുടെ മാനുഷിക മുഖം

Photo: Beautiful


പരീക്ഷകള്‍ നടത്തി റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുകയും കാലാവധി കഴിഞ്ഞ്‌ റദ്ദാക്കുകയും ചെയ്യുന്നത്‌ മാത്രമല്ല പിഎസ്സിയുടെ പണി. ഉദ്യോഗാര്‍ത്ഥിയുടെ സാമൂഹിക പ്രതിബദ്ധതയും പാരമ്പര്യ ഗുണവും മുജ്ജന്മ സുകൃതവും അന്വേഷിക്കുന്നതും പിഎസ്സിയുടെ ജോലിയാണ്‌. പണി കഞ്ചാവ്‌ വില്‍പ്പനയാണെങ്കിലും ചാകുമ്പോള്‍ തറവാട്ടു മഹിമ പറയുന്നത്‌ ചിലര്‍ക്ക്‌ ആവേശമാണ്‌. ഒന്നാം തലമുറയിലും രണ്ടാം തലമുറയിലും പെട്ടവര്‍ ഡോക്ടര്‍മാരാവുന്നില്ല എന്ന്‌ പിഎസ്സി ചെയര്‍മാന്‍ നിരീക്ഷിക്കുന്നതിന്‌ പിന്നില്‍ ഈ പാരമ്പര്യാന്വേഷണം നോക്കി മനസ്സിലാക്കാവുന്നതാണ്‌.

ടെസ്റ്റില്ലാതെ ഇന്റര്‍വ്യൂ നടത്തി 3500 ഓളം ഡോക്ടര്‍മാരെയാണ്‌ പിഎസ്സി തെരഞ്ഞെടുത്തത്‌. കുറെ പൊട്ടന്മാരെ കൂടി ഉള്‍ക്കൊള്ളിക്കുന്നതാണ്‌ നിലവിലെ പിഎസ്സിയുടെ ഒഎംആര്‍ പരീക്ഷ. പേരെഴുതാന്‍ അറിവില്ലെങ്കിലും കറക്കിക്കുത്തി റാങ്ക്ലിസ്റ്റില്‍ കേറിപ്പറ്റാം. എന്തുകൊണ്ടോ ഡോക്ടര്‍മാരില്‍ ചിലര്‍ക്ക്‌ ആ ഭാഗ്യം ലഭിച്ചില്ല. എല്ലാവരേയും ഇന്റര്‍വ്യൂ നടത്തിയാണ്‌ തെരഞ്ഞെടുത്തത്‌. ഇന്റര്‍വ്യൂ കഴിഞ്ഞ്‌ റാങ്ക്ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ പിഎസ്സി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക്‌ കത്തെഴുതിയതോടുകൂടിയാണ്‌ ഈ ഡോട്കര്‍മാരെല്ലാം വല്ലാത്ത പൊല്ലപ്പിലാണ്‌ ചെന്ന്‌ വീണതെന്ന്‌ മനസ്സിലാക്കിയത്‌. ഡോക്ടര്‍മാരില്‍ ഭൂരിഭാഗത്തിനും വിവരമില്ലത്രെ!

അഭിനവ ഡോക്ടര്‍മാരെക്കുറിച്ച്‌ ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ച കാര്യങ്ങള്‍ വായിക്കുക. ഒരെണ്ണത്തിനുപോലും സാമൂഹിക പ്രതിബദ്ധതയില്ല, പൊതുവിജ്ഞാനമില്ല, പത്രങ്ങള്‍ കൈകൊണ്ടു തൊടാറില്ല, മെഡിക്കല്‍ എത്തിക്സ്‌ അറിയില്ല, ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല, പ്രായോഗിക ജ്ഞാനം ഇല്ല, പാവപ്പെട്ടവരോട്‌ കൂറില്ല, പിന്നോക്ക സമുദായത്തിലെ ആദ്യ തലമുറയില്‍ പെട്ടവരില്ല, ഇങ്ങനെ പോകുന്നു ഇല്ലായ്മയുടെ കണക്ക്‌.
ചെയര്‍മാന്‍ പറഞ്ഞില്ലെങ്കിലും ഡോക്ടര്‍മാര്‍ക്ക്‌ അറിയാവുന്ന ഒരു സംഗതി അവര്‍ മുടക്കിയ പണത്തിന്റെ കണക്കാണ്‌. പഠനത്തിന്‌ 20 ലക്ഷം, അഡ്മിഷന്‌ 50 ലക്ഷം. സ്വാശ്രയ കോളേജില്‍ എംബിബിഎസ്‌ അഡ്മിഷന്‍ 50 ലക്ഷത്തിന്‌ കിട്ടുന്നത്‌ ലാഭകരമെന്നാണ്‌ നിലവിലെ സംസാരം. 50 ലക്ഷം മുടക്കാന്‍ സാധാരണക്കാരനാവില്ല. അതുകൊണ്ട്‌ ഡോക്ടര്‍മാരില്‍ പാവപ്പെട്ടവരില്ലായെന്ന്‌ കണ്ടെത്താന്‍ 6000 ഡോക്ടര്‍മാരെ ഇന്റര്‍വ്യൂ നടത്തേണ്ട കാര്യമില്ല. പതിനായിരങ്ങള്‍ ചെലവു വരുന്ന എന്‍ട്രന്‍സ്‌ കോച്ചിംഗും മറ്റും നടത്തി ഡോക്ടറാവാന്‍ പാവപ്പെട്ടവര്‍ക്ക്‌ കഴിയില്ലായെന്നറിയാന്‍ രാഷ്ട്രീയ പിന്‍ബലത്തില്‍ പിഎസ്സി ചെയര്‍മാനോ മെമ്പറോ ആകേണ്ടതില്ല. പിന്നോക്ക ജില്ലയായ ആലപ്പുഴയില്‍നിന്ന്‌ കുറെ കൊല്ലങ്ങളായി ആദ്യത്തെ 100 റാങ്കില്‍ ഉള്‍പ്പെടാത്തതു എന്തുകൊണ്ടാണെന്നറിയാന്‍ അധിക വിവരം വേണ്ട. കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ കണക്ക്‌ പ്രസിദ്ധീകരിക്കട്ടെ.

ഡോക്ടര്‍മാരാവാന്‍ പാവപ്പെട്ടവര്‍ക്കും കീഴ്ജാതിക്കാര്‍ക്കും ഗ്രാമവാസികള്‍ക്കും കഴിയുന്നില്ലെന്ന്‌ പരസ്യപ്പെടുത്താന്‍ ഒരു പിഎസ്സി ചെയര്‍മാന്‍ വേണ്ടി വന്നു. ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്ക്‌ വ്യക്തമായി അറിയാവുന്ന ഈ സത്യം വെളിപ്പെടുത്തിയതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന്‌ കരുതാനാവില്ല.
പിഎസ്സിയും ചെയര്‍മാനും മാനുഷിക മുഖം കാട്ടിത്തുടങ്ങിയത്‌ നല്ല കാര്യം. പാവപ്പെട്ടവരെയും കീഴ്ജാതിക്കാരെയും കുറിച്ചു ചിന്തിച്ചത്‌ എന്തുകൊണ്ടും ഉചിതം. അങ്ങനെയെങ്കില്‍ കുറച്ചെങ്കിലും പാവപ്പെട്ട വരെ എന്‍ട്രന്‍സ്‌ ടെസ്റ്റില്‍ കുടുക്കാതെ നേരിട്ടെടുത്ത്‌ പഠിപ്പിക്കരുതോ? ഉദ്യോഗാര്‍ത്ഥികളെ ശരിയായ വിധത്തില്‍ അസസ്സു ചെയ്യാന്‍ ഒഎംആര്‍ ടെസ്റ്റ്‌ ഒഴിവാക്കി ഡിസ്ക്രിപ്റ്റീവ്‌ മാതൃകയില്‍ പരീക്ഷ നടത്താന്‍ പിഎസ്സി തയ്യാറുണ്ടോ? പണക്കാര്‍ക്കു മാത്രം സംവരണം ചെയ്തിരിക്കുന്ന ഇന്നത്തെ മെഡിക്കല്‍ അഡ്മിഷന്‍ സമ്പ്രദായത്തിന്‌ മാറ്റം വരുത്താന്‍ ഭരണകൂടത്തിന്‌ ഉദ്ദേശ്യമുണ്ടോ?
ആര്‍ക്കും പാവപ്പെട്ടവര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കാം, പിഎസ്സി ചെയര്‍മാനും.

കെ എ സോളമന്‍

No comments:

Post a Comment