Tuesday 4 October 2011

ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്നുപേര്‍ക്ക്‌


Posted on: 04 Oct 2011



സ്റ്റോക്ക്‌ഹോം: പ്രപഞ്ചവികാസത്തിന്റെ ആവേഗം വര്‍ദ്ധിക്കുന്നുവെന്ന് കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍സമ്മാനം.

അമേരിക്കന്‍ ശാസ്ത്രജ്ഞരായ സോള്‍ പേള്‍മട്ടര്‍, ആദം റൈസ് , ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനായ ബ്രയന്‍ ഷമിറ്റ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 94 ലക്ഷം സ്വീഡിഷ് ക്രോണറാണ് സമ്മാനത്തുക. പേള്‍മട്ടറും ഷമിറ്റും സമ്മാനത്തുകയുടെ പകുതി പങ്കുവെക്കും. റൈസിന് സമ്മാനത്തുകയുടെ പകുതി ലഭിക്കും.

ടൈപ്പ് വണ്‍ സൂപ്പര്‍നോവയെക്കുറിച്ചാണ് മൂന്നുപേരും പഠനം നടത്തിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനാണ് പേള്‍മട്ടര്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനാണ് റൈസ് . ഷമിറ്റ് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും.

കഴിഞ്ഞദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം ലഭിച്ചത് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ബ്രൂസ് ബട്‌ലര്‍, ലക്‌സംബര്‍ഗില്‍നിന്നുള്ള ജൂള്‍സ് ഹോഫ്മാന്‍, കനേഡിയന്‍ ശാസ്ത്രജ്ഞനായ റാല്‍ഫ് സ്റ്റെയിന്‍മാന്‍ എന്നിവര്‍ക്കാണ്. ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥയുടെ രഹസ്യങ്ങള്‍ അനാവരണം ചെയ്തതിനാണ് പുരസ്‌കാരം.

എന്നാല്‍ റാല്‍ഫ് സ്റ്റെയിന്‍മാനെ തിരഞ്ഞെടുത്തത് മൂന്നു ദിവസംമുമ്പ് അദ്ദേഹം മരിച്ച വിവരം അറിയാതെയാണ്. മരണാനന്തര ബഹുമതിയായി നൊബേല്‍ സമ്മാനിക്കന്‍ വ്യവസ്ഥ അനുവദിക്കുന്നില്ല. ഇക്കാരണത്താല്‍ ഇദ്ദേഹത്തിനുള്ള പുരസ്‌കാരം റദ്ദാക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

No comments:

Post a Comment