| ||
തൃപ്പൂണിത്തുറയില്‍ പാട്ട് പഠിക്കുന്ന കാലം. അമ്പതുകളുടെ അവസാനം. ശരീരത്തിന് പട്ടിണി. മനസ്സില്‍ പാട്ട്. പൂര്‍ണത്രയീശന്റെ ഉത്സവം നടക്കുകയാണ്. മതില്‍ക്കകത്ത് മധുരമണിയുടെ കച്ചേരി. ഞാനും സുഹൃത്ത് ഗോവിന്ദന്‍കുട്ടിയുംകൂടി ക്ഷേത്രപരിസരത്തെത്തി. ആന, മേളം, ആരവാരം, ഒക്കെ ഗംഭീരം. കച്ചേരി കാണണമെന്നും കേള്‍ക്കണമെന്നുമുണ്ട്. അഹിന്ദുവായി ജനിച്ചില്ലേ....? അവസരം കിട്ടില്ലെന്ന് മനസ്സ് മന്ത്രിച്ചു. ഗോവിന്ദന്‍കുട്ടി അകത്തുകയറുവാന്‍ നിര്‍ബന്ധിച്ചു. അന്നത്തെ ഭയംകൊണ്ടും അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കേണ്ട എന്നു കരുതിയതുകൊണ്ടും ഞാന്‍ പിന്‍വാങ്ങി. പുറത്തെ ബഹളത്തില്‍നിന്നുകൊണ്ട് മധുരമണിയുടെ സ്വരമാധുര്യം നുണഞ്ഞു. ഈ അനുഭവം ഞാന്‍ പലരുമായും പങ്കുവെച്ചു. വൈക്കത്തെ വാസുദേവന്‍ നമ്പൂതിരിയില്‍നിന്ന് ശബരിമലയേയും സ്വാമി അയ്യപ്പനേയുംപറ്റി കൂടുതല്‍ അറിഞ്ഞു. മണികണ്ഠദര്‍ശനം ആഗ്രഹിച്ചു. ആഗ്രഹം നിയന്ത്രണാതീതമായപ്പോള്‍ ദേവസ്വത്തിലേക്ക് ഒരു കത്തെഴുതി.
ഇരുമുടിക്കെട്ടും വ്രതദീക്ഷയുമുണ്ടെങ്കില്‍ ഏതൊരു ഭക്തനും ശബരിമലദര്‍ശനം ആവാമെന്നും തീര്‍ച്ചയായും താങ്കള്‍ വരണമെന്നും മറുപടി ലഭിച്ചു. അങ്ങനെ 1976ലാണെന്നു തോന്നുന്നു, ഞാന്‍ മുംബൈയിലെ അപ്പുനായര്‍, ഉണ്ണിച്ചേട്ടന്‍ എന്നിവരടങ്ങിയ അയ്യപ്പസംഘത്തോടൊപ്പം കന്നിസ്വാമിയായി മലചവിട്ടി. അനുഭവം ഏറെ ഹൃദ്യമായിരുന്നു. എന്റെ സങ്കല്പത്തിനും അതീതമായ സാഹോദര്യം, സഹവര്‍ത്തിത്വം, സമത്വം ഒക്കെ സന്നിധാനത്ത് ദര്‍ശിച്ചു. ഭൗതികശരീരത്തെ നാം ഓരോ പേര് വിളിക്കുന്നു. ശരീരം മണ്‍മറയുമ്പോള്‍ ആ പേര് ഇല്ലാതെയാവുന്നു. ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്നു എന്ന സത്യമാണ് ഇവിടെ സംഭവിക്കുന്നത്. ഈ സത്യത്തെ ഇഹലോകത്തില്‍വെച്ചുതന്നെ അനുഭവിച്ചറിയാനുള്ള ഒരു പരിശീലനമാണ് മലയാത്രയും ദര്‍ശനവും. വ്രതമെടുത്ത് മാലയിട്ടു കഴിഞ്ഞാല്‍ ഞാന്‍ യേശുദാസല്ല; സ്വാമിയാണ്, അയ്യപ്പനാണ്. മനുഷ്യനിലെ ഈശ്വരനെ കണ്ടെത്താനും മനുഷ്യനെ ഈശ്വരതത്ത്വത്തിലേക്കുയര്‍ത്താനുമുള്ള ദര്‍ശനത്തിന്റെ പ്രതീകമാണിത്. നമ്മിലെ ഈശ്വരനെ അനുഭവിക്കാനും അനുഭവിപ്പിക്കാനുമുള്ള ഒരു മണ്ഡലകാലമാവട്ടെ മനുഷ്യജീവിതം. |
കമെന്‍റ്: യേശുദാസ് ദേവന്‍ ഈ നൂറ്റാണ്ടിലെ അവതാരമാവനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ട്
-കെ എ സോളമന്‍
No comments:
Post a Comment