തന്റെ ഞെട്ടല്‍ രോഗം എന്നാണ് തുടങ്ങിയതെന്ന് രാമന്‍ നായര്‍ക്ക് നിശ്ചയമില്ല. ഒരുപക്ഷെ ജന്മനായുളളതാകാം. രോഗം കലശലായത് ടിവിയുടെ ആവിര്‍ഭാവത്തോടെയാണ്. ഒട്ടുമിക്ക ടിവി വാര്‍ത്തകളും പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്നതാണ്., ഞെട്ടിപ്പിച്ചു പിടിച്ചിരുത്തണം. അതാണ് ഓരോ ചാനലിന്റെയും ലക്ഷ്യം. എന്തിന് ചാനലിനെ മാത്രം കുറ്റം പറയുന്നു, പത്രവാര്‍ത്തകളും ഞെട്ടിപ്പിക്കുന്നതുതന്നെ, അപ്പോ ജന്മനാ ഞെട്ടലുള്ളവന്റെ കാര്യം പറയേണ്ടതില്ലല്ലോ?
ഈയിടെ ഒരു കോണ്‍ഗ്രസ് നേതാവ് വളപട്ടണം പോലീസ് സ്റ്റേഷനില്‍ കയറി ‘സുരേഷ് ഗോപി’ കളിച്ചതു കണ്ടു. രാമന്‍ നായര്‍ ഞെട്ടി. 50 കോടിക്കുമപ്പുറം അമൂല്യമാണ് തന്റെ മൂന്നാം ഭാര്യയെന്ന് രണ്ടെണ്ണത്തെ ഉപേക്ഷിച്ച ഒരു ട്വിറ്റര്‍ മന്ത്രിയുടെ ട്വിറ്റു കെട്ട് രാമന്‍ നായര്‍ ഞെട്ടി. ജ്ഞാനപീഠം കേറിയ ലോകോത്തര മലയാള സാഹിത്യകാരന്മാര്‍ ഒരേ വേദിയില്‍ വന്നിട്ടും പരസ്പ്പരം കണ്ണുകൊടുക്കാതെ വിഎസ്-- പിണറായി കളിച്ചതുകണ്ടും നായര്‍ ഞെട്ടി. സാംസ്കാരിക നിലയത്തിന്റെ പിന്നാമ്പുറ മതിലിനോട് ചേര്‍ന്ന് മൂത്രശങ്ക മാത്രം തീര്‍ത്തിട്ടുള്ള വികടകവി ഇസ്മായില്‍ കുളക്കടവിന് ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ ചാത്തന്‍ സേവാ സാഹിത്യ അക്കാദമിയുടെ സാഹിത്യ ഫെല്ലോഷിപ്പ് കിട്ടിയതറിഞ്ഞും രാമന്‍നായര്‍ ഞെട്ടി. ഇങ്ങനെ രാമന്‍ നായര്‍ക്കുണ്ടായ ഞെട്ടലുകളുടെ കഥ പറഞ്ഞാല്‍ തീരില്ല.
ഓര്‍ക്കാപ്പുറത്ത് ഒരിയ്ക്കല്‍ പോക്കറ്റിലിരുന്ന മൊബെയില്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ വല്ലാതെ ഞെട്ടിപ്പോയി. തുടര്‍ന്ന് പനി ബാധിച്ചതു കാരണം ഒരു മാസം ആശുപത്രി കിടക്കയിലായിരുന്നു. ഒരു ദിവസം ഭാര്യ കാര്‍ത്യായനിപിള്ള മധുരം തൊടാത്ത ചായയില്‍ റെസ്ക് മുക്കി തന്നത് ചുണ്ടോടടുപ്പിച്ചപ്പോള്‍ അടര്‍ന്ന് താഴെ വീണതുകണ്ട് രാമന്‍ നായര്‍ കലശലായി ഞെട്ടി. വിവരം കാര്‍ത്ത്യായനിപിള്ള തന്നെയാണ് ഡോക്ടറോട് പറഞ്ഞത്. . ഇനി മുതല്‍ റെസ്ക് ചായയില്‍ മുക്കി കൊടുക്കണ്ട, മുക്കാതെ കൊടുത്താല്‍ മതിയെന്ന് ഡോക്ടര്‍ കാര്‍ത്ത്യായനിയെ ഉപദേശിക്കുന്നതും കേട്ടു.
ആശുപത്രി വിട്ടു വീട്ടില്‍ വന്നിട്ടും ഞെട്ടല്‍ രോഗം മാറാതെ നിന്നു. ഞെട്ടാതിരിക്കാന്‍ ടിവി ഓണ്‍ ചെയ്യാറില്ല. പത്രം തുറന്നു നോക്കാറുമില്ല. പത്രം നിര്‍ത്തിയേക്കാന്‍ പറഞ്ഞപ്പോള്‍ പത്രക്കാരന്‍ പറഞ്ഞത് തോന്നണതുപോലെ നിര്‍ത്താനും വാങ്ങാനും പറ്റില്ലെന്നാണ്.. അതുകൊണ്ട് പത്രം മുടങ്ങാതെ വരുന്നുണ്ടെങ്കിലും തുറന്നു നോക്കാറില്ല. എന്തിന് ഞെട്ടണം?
ജീവനില്‍ എത്ര കുറി ഞെട്ടിയിട്ടുണ്ടെന്നതിന് രാമന്‍ നായര്‍ക്ക് കണക്കില്ല. എങ്കിലും മറ്റാരെക്കാളും താനാണ് കൂടുതല്‍ ഞെട്ടിയിരിക്കുന്നതെന്ന് രാമന്‍ നായര്‍ക്ക് ഉറപ്പ്. കൊല്ലം കുറെ കഴിഞ്ഞിട്ടും രണ്ടു ഞെട്ടല്‍ സംഭവങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു.
ഡ്രൈവിംഗ് പഠിച്ചപ്പോള്‍ സംഭവിച്ചതാണ് ഒന്ന്. . ഇടതുവശത്തിരുന്നു ഇടതു തുടയില്‍ അടിക്കുന്നയാളാണ് ആശാന്‍ , അടി സ്വന്തം തുടയില്‍ അല്ലെന്ന് മാത്രം. ഡ്രൈവിംഗില്‍ പിഴവില്ലെങ്കിലും ആശാന് പിഴവെന്ന് തോന്നിയാല്‍ ശിഷ്യന്റെ ഇടതു തുട പൊളിയും.
പഴയ അംബാസഡര്‍ കാറായതുകൊണ്ട് റിവേഴ്സ് ഗിയര്‍ പെട്ടെന്ന് വീഴില്ല. ശിഷ്യന്‍ ഗിയറിട്ടാലും ആശാന്‍ ഗിയര്‍ ഇടാന്‍ ശ്രമിച്ചാലും ഫലം ഒന്നുതന്നെ. മുന്നോട്ടു അമര്‍ത്തി പുറകോട്ടു തള്ളിയാല്‍ ഗിയര്‍ വീഴുമെന്ന് ശിഷ്യന്‍ ഒരിക്കല്‍ ആശാനോട് പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു ആശാന്‍ ശിഷ്യനോട് പറഞ്ഞു. “മുന്നോട്ട് അമര്‍ത്തി പുറകോട്ട് വലിക്കണം, റിവേഴ്സ് ഗിയര്‍”, ആ ഞെട്ടലിന്റെ ഓര്‍മ്മ ശിഷ്യന്‍ രാമന്‍ നായര്‍ക്ക് ഇന്നും വിട്ടുമാറിയിട്ടില്ല.
മറ്റൊന്നു ജന്മഭൂമി പത്രത്തിന്റെ ‘സംസ്കൃതി’ വായിക്കുന്നത് സംബന്ധിച്ചാണ്. സുഹൃത്ത് മുരളി താമരശ്ശേരിയോട് ഒരിയ്ക്കല്‍ രാമന്‍ നായര്‍ പറഞ്ഞു “സംസ്കൃതി വായിക്കണം, വിജ്ഞാനപ്രദമാണ്.” ഒരാഴ്ച കഴിഞ്ഞില്ല താമരശ്ശേരി രാമന്‍നായരോട് പറയുകയാണ് “സംസ്കൃതി പേജ് വായിക്കണം വളരെ ഇന്‍ഫര്‍മേറ്റീവ് ആണ്”, രാമന്‍ നായര്‍ ഞെട്ടി.
കാര്‍ത്ത്യായനി പിള്ളയാണ് പറഞ്ഞത്: ” നിങ്ങള്‍ പോയി കേശവന്‍ വെളിച്ചപ്പാടിനെയൊന്നു കാണണം. അദ്ദേഹത്തിന് ചില വിദ്യകള്‍ അറിയാം. നിങ്ങളുടെ രോഗം മാറും.”
ഭാര്യ പറഞ്ഞതനുസരിച്ചാണ് കേശവന്‍ വെളിച്ചപ്പാടിന്റെ വീട്ടില്‍ പോയത്, പൂരത്തിനാളുണ്ട്, എല്ലാറ്റിനും ഒരോരോ രോഗങ്ങള്‍, ഏതു രോഗത്തിനും വെളിച്ചപ്പാടിന് പ്രതിവിധിയുമുണ്ട്.
“പേടിക്കാനില്ല, ശരിയാക്കിത്തരാം” കാര്‍ത്ത്യായനിപിള്ളയുടെ മുഖത്തുനോക്കിയാണ് വെളിച്ചപ്പാടു പറഞ്ഞത്. “പക്ഷെ ദക്ഷിണയുണ്ട്, 1001 വെള്ളിരൂപാ, ഒരു കെട്ടുവെറ്റിലയും”.
1001 വെള്ളി രൂപായെന്ന് കേട്ടപ്പോള്‍ രാമന്‍ നായര്‍ വെളിച്ചപ്പാടിന്റെ കാതില്‍ എന്തോ സ്വകാര്യമായി പറഞ്ഞു. രാമന്‍ നായര്‍ പറഞ്ഞുനിര്‍ത്തിയതും. വെളിച്ചപ്പാട് ഇരിപ്പിടത്തില്‍നിന്ന് ഞെട്ടി എഴുന്നേറ്റ് ഉറഞ്ഞു തുള്ളി. ഇതുകണ്ടു കാര്‍ത്തിയായനി പിള്ളയും ഞെട്ടി.
കെ.എ.സോളമന്‍
No comments:
Post a Comment