Saturday, 31 December 2011

എലി പുന്നെല്ലു കണ്ടപോലെ!


ഒറ്റയാന്‍ പ്രകടനങ്ങള്‍ ലോകത്ത്‌ എത്രവേണമെങ്കിലും കാണാം. നയാഗ്രയ്ക്കു കുറുകെ ചാടുക, എവറസ്റ്റില്‍ നിന്നു താഴോട്ടു മോട്ടോര്‍ സൈക്കിള്‍ ചാടിക്കുക, അറബിക്കടല്‍ തലങ്ങും വിലങ്ങും നിര്‍ത്താതെ നീന്തുക തുടങ്ങിയവ. ഇത്തരം അഭ്യാസികളില്‍ കേരളത്തിലെ രണ്ടു പ്രതിനിധികളാണ്‌ മാവേലിക്കര സുദര്‍ശനനും കരപ്പുറം രാജശേഖരനും. തലമൊട്ടയടിച്ചും ശരീരത്തില്‍ അലൂമിനിയം പെയിന്റടിച്ചും മറ്റു ചിലര്‍ അഭ്യാസം നടത്തിയിട്ടുണ്ടെങ്കിലും അവരാരും ഇവരുടെയത്രയും പ്രസിദ്ധമല്ല. സുദര്‍ശനന്‍ ചാക്കില്‍ കയറി പ്രതിഷേധിച്ചാല്‍ രാജശേഖരന്‍ ശവപ്പെട്ടിയില്‍ കിടന്നു പ്രതിഷേധിക്കും.

കരപ്പുറം രാജശേഖരന്‍, മാവേലിക്കര സുദര്‍ശനന്‍ എന്നീ രണ്ടു പേരില്‍ ആരാണ്‌ കൂടുല്‍ പ്രസിദ്ധന്‍ എന്നു ചോദിച്ചാല്‍ അത്‌ ചേര്‍ത്തലക്കാരും മാവേലിക്കരക്കാരും തമ്മിലുള്ള തമിഴന്‍-മലയാളി ഡാംതര്‍ക്കമായി മാറും. രണ്ടിടങ്ങളിലെയും ജനം മലയാളികളായതുകൊണ്ട്‌ വൈകാരിക പ്രകടനം അല്‍പ്പം കുറവായിരിക്കുമെന്നു മാത്രം.

നാട്ടില്‍ എന്തെങ്കിലും ദുരന്തമുണ്ടാകണമെന്നാണ്‌ ഒറ്റയാളന്മാരുടെ പ്രാര്‍ത്ഥന. അരിവിലക്കയറ്റമോ പച്ചക്കറി ദൗര്‍ലഭ്യമോ, പെട്രോള്‍ വില വര്‍ധനവോ പാല്‍ക്ഷാമമോ വര്‍ദ്ധിത പെണ്‍വാണിഭമോ എന്തായാലും മതി. കുഞ്ഞാലിക്കുട്ടി സാഹിബ്‌ കോഴിക്കോട്ടൊരു ഐസ്ക്രീം പാര്‍ലറില്‍ കേറി ഐസ്ക്രീം കഴിച്ചതിന്റെ പേരില്‍ ഇരുവരും പ്രകടനം നടത്തി. പീഡിപ്പിക്കപ്പെട്ട ഗര്‍ഭിണിയായി വേഷം കെട്ടിയാണ്‌ കരപ്പുറം സ്കൂട്ടറില്‍ പ്രകടനം നടത്തിയത്‌. ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ മറ്റൊരു വേഷമാണ്‌. ജയലളിത നീതി പാലിക്കുക എന്ന ബോര്‍ഡ്‌ കഴുത്തില്‍ തലയോട്ടിക്കൊപ്പം കെട്ടിത്തൂക്കിയതിനാല്‍ കാളിയായിട്ടല്ല, ജയലളിതയായിട്ടാണ്‌ രാജശേഖരന്‍ വേഷം കെട്ടിയതെന്ന്‌ ആരാധകര്‍. രാജശേഖരന്റെ ‘കൊലവെറി’ വേഷം ആരോ ഫേസ്ബുക്കില്‍ അപ്ലോഡ്‌ ചെയ്തതു ജയലളിത കാണുകയും മന്‍മോഹന്‍ജിക്ക്‌ ഷെയര്‍ ചെയ്യുകയും ചെയ്തു. കാളിവേഷം കണ്ടു മന്‍മോഹന്‍ജി ചൂടായിരിക്കുമ്പോഴാണ്‌ മുഖ്യമന്ത്രി-പ്രതിപക്ഷനേതാവു കമ്പനി ‘ഡാം പൊളി’ നിവേദനവുമായി മുന്നില്‍ ചെന്നു ചാടിയത്‌. പിന്നെ സംഭവിച്ചതെന്തെന്നു ഒരു ചാനല്‍കാരനും വ്യക്തമായി പറയുന്നില്ല. തീരെ അയവില്ലായിരുന്നുവെന്ന്‌ ഒരു വാര്‍ത്ത കിട്ടി.

പക്ഷെ പ്രധാനമന്ത്രിജിയെ ഞെട്ടിച്ചുകൊണ്ടു “എലി പുന്നെല്ലു കണ്ട” സന്തോഷത്തിലായിരുന്നു കേരള ദൗത്യസംഘം. സമരത്തില്‍നിന്ന്‌ എങ്ങനെ തലയൂരാമെന്ന്‌ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ തല പുകയുമ്പോഴാണ്‌ പ്രധാനമന്ത്രിജിയുടെ ആശ്വാസ വചനം. ഡാം-മണ്ണാങ്കട്ട, ഉടന്‍ എസ്‌എംഎസ്‌ അയയ്ക്കാന്‍ ഉത്തരവായി. മുല്ലപ്പെരിയാര്‍ സമരപ്പന്തലിലേക്ക്‌ ഒരാള്‍ മാത്രം എസ്‌എംഎസ്‌ അയയ്ക്കാന്‍ ധൈര്യപ്പെട്ടില്ല, ടിയാന്‌ എസ്‌എംഎസ്‌ പേടിയാണ്‌. എസ്‌എംഎസ്‌ ഇങ്ങനെ: “നോ ഡാം, ദല്‍ഹി ടൂര്‍ സക്സസ്‌!”

കെ.എ.സോളമന്‍
Published Janmabhumi daily on 31-12-2011

Friday, 30 December 2011

പി.എസ്.സി റാങ്ക്പട്ടിക കാലാവധി ഏപ്രില്‍ 30 വരെ നീട്ടി



തിരുവനന്തപുരം: 485 തസ്തികളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചു. രണ്ടു തവണ കമ്മീഷന്‍ തള്ളിയ നിര്‍ദേശം മന്തിസഭ വീണ്ടും കമ്മീഷന്റെ പരിഗണനയ്ക്ക് അയച്ച സാഹചര്യത്തിലാണ് കാലാവധി നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചത്. പ്രത്യേക യോഗം ചേര്‍ന്നാണ് പി.എസ്.സി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

250- ലേറെ റാങ്ക്‌ലിസ്റ്റുകള്‍ ഡിസംബര്‍ 31 ന് കാലാവധി കഴിയുകയാണ്. ഇവയുള്‍പ്പെടെയുള്ള ലിസ്റ്റുകള്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. എന്നാല്‍ ഇത് പി.എസ്.സി നിരസിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള ശുപാര്‍ശയും കമ്മീഷന്‍ തള്ളി. ഇതില്‍ കഴിഞ്ഞ മന്ത്രിസഭായോഗം അതൃപ്തി രേഖപ്പെടുത്തുകയും ശുപാര്‍ശ വീണ്ടും അയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കമ്മീഷന്‍ നടപടിക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. വെള്ളിയാഴ്ച നാലു മണിക്ക് മുന്‍പ് പി.എസ്.സിയുടെ തീരുമാനം അറിയിക്കണമെന്നായിരുന്നു സര്‍ക്കാര്‍ കമ്മീഷനു നല്‍കിയിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Comment: PSC understood the power of an elected Government.
-K A Solaman

അസിസ്റ്റന്റ്‌ ഗ്രേഡ്‌ നിയമനം റദ്ദാക്കി

തിരുവനന്തപുരം : കേരള സര്‍വകലാശാല അസിസ്റ്റന്റ്‌ ഗ്രേഡ്‌ നിയമനം ലോകായുക്ത റദ്ദാക്കി. നിയമനങ്ങളില്‍ വന്‍ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്‌ നടപടി. 2005 മുതല്‍ തുടര്‍ന്നു വന്ന എല്ലാ നിയമനങ്ങളും റദ്ദാക്കി പുതിയ പ്രവേശനപരീക്ഷ നടത്തി നിയമനം നടത്തണമെന്ന്‌ ലോകായുക്ത ഉത്തരവിട്ടു.

ക്രമക്കേടിന്‌ ഉത്തരവാദികളെന്നു കണ്ടെത്തിയ മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. എം.കെ. രാമചന്ദ്രന്‍ നായര്‍, പ്രോ വൈസ്‌ ചാന്‍സലര്‍ ഡോ. വി. ജയപ്രകാശ്‌, സിന്‍ഡിക്കറ്റ്‌ അംഗങ്ങളായ ബി.എസ്‌. രാജീവ്‌, എ.എ. റഷീദ്‌, കെ.എ. ആന്‍ഡ്രൂ, എം.പി. റസല്‍ തുടങ്ങിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നു ലോകായുക്ത ശുപാര്‍ശ ചെയ്തു. നിയമനങ്ങളില്‍ അഴിമതിയും സ്വജന പക്ഷപാതവും നടന്നെന്നു ലോകായുക്ത ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 40,000ത്തോളം പേര്‍ പങ്കെടുത്ത എഴുത്തുപരീക്ഷയിലും തുടര്‍ന്നുള്ള ഇന്റര്‍വ്യൂവിലും തിരിമറിനടത്തി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെയും ഇടതുസംഘടനകളിലെയും നേതാക്കളുടെ ഉറ്റവരെ തി
 രുകിക്കയറ്റിയെന്നാണ്‌ ആരോപണം.

Comment: ഒടുവില്‍ സത്യം ജയിക്കുന്നു, സത്യം മാത്രം !
-കെ എ സോളമന്‍

Thursday, 29 December 2011

റഷ്യയില്‍ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തും

മോസ്കോ: റഷ്യയില്‍ വിരമിക്കലിനുള്ള പ്രായപരിധി 65 ആക്കി ഉയര്‍ത്തുന്നു. ഡെപ്യൂട്ടി ധനകാര്യ മന്ത്രി സെര്‍ജി ഷലതലോവ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ഘട്ടം ഘട്ടമായിട്ടാണ്‌ ഇത്‌ നടപ്പിലാക്കാന്‍ ആലോചിക്കുന്നതെന്നും ഇതിനുള്ള നടപടിക്രമം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ റഷ്യയില്‍ വിരമിക്കല്‍ പ്രായം താരതമ്യേന കുറവാണ്‌. പുരുഷന്മാര്‍ക്ക്‌ 60ഉം സ്ത്രീകള്‍ക്ക്‌ 55ഉം ആണ്‌ നിലവിലെ പ്രായപരിധി.

Comment: ചത്തേ പിരിയൂ  എന്നും പറഞ്ഞിരിക്കുന്നവര്‍ക്ക്  ആശ്വാസമായി . റഷ്യന്‍  പരിഷ്കാരം ഇവിടെയും വേണമെന്നാവശ്യപ്പെട്ടു ഉടന്‍ പ്രക്ഷോഭം ആരംഭിക്കാം   . തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ജോലിയില്ല, പി എസ് സി റാങ്ക് ലിസ്റ്റില്‍ അവരുടെ  പേരുമില്ല.
-കെ എ സോളമന്‍