Monday 5 December 2011

കനല്‍ കാഴ്ച -സംഭവ കഥ- കെ എ സോളമന്‍











 ഇതൊരു കനല്‍ കാഴ്ചയുടെ കഥ എന്റെ ഹൃദയത്തെ ചുട്ടുനീറിച്ച സംഭവ കഥ.

ഇന്ന് 2011 ഡിസംബര്‍  അഞ്ച്. കഴിഞ്ഞഒക്ടോബര്‍്  നാലിന്  ഡയറിയില്‍ ഞാന്‍ എഴുതി , എന്റെ സുഹൃത്തിന്റെ  മരണത്തെ ക്കുറിച്ച്  . നിങ്ങളില്‍  ഒട്ടുപേരും അത് വായിച്ചിട്ടില  എന്ന് കരുതുന്നതിനാല്‍  അതിവിടെ ആവര്‍ത്തിക്കുന്നതിലെ വിരസത കാര്യ മാക്കില്ലെന്ന്   വിശ്വസിക്കട്ടെ.  ഞാന്‍ എഴുതിയതു ഇങ്ങനെ   :
രാധസാര്‍ എന്ന എന്റെ സുഹൃത്തിന്റെ മരണം
രാധ, രാധസാര്‍ , മലയാളം , മലയാളം സാര്‍ , എന്നൊക്കെ ഞാന്‍ വിളിച്ചിരുന്ന എസ് രാധാകൃഷ്ണന്‍കുട്ടിപ്പണിക്കര്‍ എന്ന എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ഇന്നില്ല, അദ്ദേഹം ഇന്നലെ (3 -10 -2011 ) യാത്രയായി, അന്പത്തിയൊമ്പതാം വയസ്സില്‍ മരണം. നെടുമുടി നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു. ഫിസിക്സ്‌ അധ്യാപകനായ എനിക്ക് മലയാള ഭാഷയുടെ അത്രയ്ക്കങ്ങ് ഗഹനമല്ലാത്തെ കാര്യങ്ങള്‍ തന്റെ വര്‍ത്തമാനത്തിലുടെ പറഞ്ഞു തന്ന നല്ല സുഹൃത്ത്‌. എന്റെ ബലഹീനതകളും തെറ്റുകളും ആരെക്കാളും നന്നായി അറിയാമായിരുന്നിട്ടും അതിന്റെ പേരില്‍ തമാശയായി പോലും ഒരിക്കലും കുത്തി നോവിക്കാത്ത സുഹൃത്ത്‌.

സുഹൃത്ബന്ധങ്ങള്‍ എന്നും ഊഷ്മളതയോടെ കാത്തു സൂക്ഷിച്ച എന്റെ രാധ. ഈ നഷ്ടപ്പെടല്‍ നികത്താന്‍ കഴിയാത്തത് എന്നു ഞാനറിയ്ന്നു . എല്ലാ മനുഷ്യരുടെയും കാര്യം ഇത്രയേയുള്ളൂ എന്ന സനാതന സത്യത്തിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം എന്റെ മനസ്സില്‍ നിറയുന്നു . അദ്ദേഹത്തിന്‍റെ മരണം എന്നിലുളവാക്കിയ ദുഃഖം അതിതീവ്രം. ദിവസങ്ങള്‍ കഴിയുമ്പോള്‍ എല്ലാ മനുഷ്യരിലുമെന്നപോലെ ഞാനും ഈ തീവ്രദുഖത്തില്‍ നിന്ന് മോചിതനായെക്കാം .എങ്കിലും അദ്ദേഹം ഇന്നില്ല എന്ന സത്യം എനിക്കു വിശ്വസിക്കാനാവുന്നില്ല . അദ്ദേഹത്തിന്‍റെ ഭാര്യ മിനിയുടെയും, മക്കളായ ജിത്തുവിന്റെയും, കൃഷ്ണ ശങ്കറിന്റെയും ദുഖത്തില്‍ ഞാന്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്‍റെ ദീപ്തസ്മരണയ്ക്ക് മുന്നില്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ സുഹൃത്തിന്റെ പ്രണാമങ്ങള്‍ !

കൃത്യം രണ്ടു മാസം പിന്നിട്ട ഇന്ന് (5 -12 -2011 ) ഒരു വാര്‍ത്ത  പത്രത്തില്‍ കണ്ടു  ഞാന്‍ ഞെട്ടി.

തോട്ടിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു-അതായിരുന്നു ബോക്സ്‌ ന്യൂസിന്റെ    തലവാചകം

"ആലപ്പുഴ:എ.സി.റോഡില്‍ പണ്ടാരക്കളം-ചെമ്പുപുറം റോഡില്‍ മോട്ടോര്‍തറക്കു സമീപമുള്ള കുഴിയിലേക്ക് കാര്‍ മറിഞ്ഞ്  രണ്ടു യുവാക്കള്‍മരിച്ചു .ആലപ്പുഴ സനാതനപുരം വാര്‍ഡില്‍ രഞ്ജിനി നിവാസില്‍ രാധാകൃഷ്ണക്കുട്ടിപ്പണിക്കരുടെ മകന്‍ കൃഷ്ണശങ്കര്‍ (21)കാറില്‍ ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശി യാസര്‍   (21)എന്നിവരെ ഗുരുതരപരിക്കുകളോടെ ആലപ്പുഴ ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിചെന്കിലും രക്ഷിക്കാനായില്ല  ഞായറാഴ്ച രാത്രി പത്തുമണിയോടെ പഴയകരി മോട്ടോര്‍ തറക്കു സമീപമുള്ള വളവിലായിരുന്നു അപകടം. എ.സി.റോഡില്‍നിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലേക്കുള്ള വിജനസ്ഥലമായതിനാല്‍ അപകടവിവരം പുറത്തറിയാന്‍ വൈകി.
പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ കാറിന്റെ പിന്നിലെ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതുകണ്ടാണ് സമീപവാസികള്‍ അപകടവിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും അറിയിച്ചു. ഇവര്‍ എത്തുംമുമ്പ് ആളുകള്‍ ഇരുവരേയും പുറത്തെടുത്തിരുന്നു."

എന്റെ സുഹൃത്തു രാധ സാറിന്റെ സ്മൃതി മണ്ഡപത്തിനു അരികിലായി  അദ്ദേഹത്തിന്‍റെ പ്രിയ പുത്രന്റെ ചിതയൊരു ങ്ങുന്നത് നോക്കി  നില്കുന്നപ്പോള്‍ ഹൃദയത്തില്‍  ആരോ തീക്കനല്‍  വാരിയിടും പോലെ എനിക്ക് തോന്നി.  ഓര്‍മ്മയുടെ പടവുകള്‍ നടന്നിറങ്ങിയ തന്റെ അവസാന നാളുകളില്‍ തന്നെ മാറോടണച്ചു പിടിച്ചു ശുശ്രൂഷിച്ച ഇളയമകനെ കൂടെ കൂട്ടാന്‍ രാധസാര്‍  ആഗ്രഹിച്ചിരുന്നോ ആവോ ?

No comments:

Post a Comment