Saturday 31 December 2011

എലി പുന്നെല്ലു കണ്ടപോലെ!


ഒറ്റയാന്‍ പ്രകടനങ്ങള്‍ ലോകത്ത്‌ എത്രവേണമെങ്കിലും കാണാം. നയാഗ്രയ്ക്കു കുറുകെ ചാടുക, എവറസ്റ്റില്‍ നിന്നു താഴോട്ടു മോട്ടോര്‍ സൈക്കിള്‍ ചാടിക്കുക, അറബിക്കടല്‍ തലങ്ങും വിലങ്ങും നിര്‍ത്താതെ നീന്തുക തുടങ്ങിയവ. ഇത്തരം അഭ്യാസികളില്‍ കേരളത്തിലെ രണ്ടു പ്രതിനിധികളാണ്‌ മാവേലിക്കര സുദര്‍ശനനും കരപ്പുറം രാജശേഖരനും. തലമൊട്ടയടിച്ചും ശരീരത്തില്‍ അലൂമിനിയം പെയിന്റടിച്ചും മറ്റു ചിലര്‍ അഭ്യാസം നടത്തിയിട്ടുണ്ടെങ്കിലും അവരാരും ഇവരുടെയത്രയും പ്രസിദ്ധമല്ല. സുദര്‍ശനന്‍ ചാക്കില്‍ കയറി പ്രതിഷേധിച്ചാല്‍ രാജശേഖരന്‍ ശവപ്പെട്ടിയില്‍ കിടന്നു പ്രതിഷേധിക്കും.

കരപ്പുറം രാജശേഖരന്‍, മാവേലിക്കര സുദര്‍ശനന്‍ എന്നീ രണ്ടു പേരില്‍ ആരാണ്‌ കൂടുല്‍ പ്രസിദ്ധന്‍ എന്നു ചോദിച്ചാല്‍ അത്‌ ചേര്‍ത്തലക്കാരും മാവേലിക്കരക്കാരും തമ്മിലുള്ള തമിഴന്‍-മലയാളി ഡാംതര്‍ക്കമായി മാറും. രണ്ടിടങ്ങളിലെയും ജനം മലയാളികളായതുകൊണ്ട്‌ വൈകാരിക പ്രകടനം അല്‍പ്പം കുറവായിരിക്കുമെന്നു മാത്രം.

നാട്ടില്‍ എന്തെങ്കിലും ദുരന്തമുണ്ടാകണമെന്നാണ്‌ ഒറ്റയാളന്മാരുടെ പ്രാര്‍ത്ഥന. അരിവിലക്കയറ്റമോ പച്ചക്കറി ദൗര്‍ലഭ്യമോ, പെട്രോള്‍ വില വര്‍ധനവോ പാല്‍ക്ഷാമമോ വര്‍ദ്ധിത പെണ്‍വാണിഭമോ എന്തായാലും മതി. കുഞ്ഞാലിക്കുട്ടി സാഹിബ്‌ കോഴിക്കോട്ടൊരു ഐസ്ക്രീം പാര്‍ലറില്‍ കേറി ഐസ്ക്രീം കഴിച്ചതിന്റെ പേരില്‍ ഇരുവരും പ്രകടനം നടത്തി. പീഡിപ്പിക്കപ്പെട്ട ഗര്‍ഭിണിയായി വേഷം കെട്ടിയാണ്‌ കരപ്പുറം സ്കൂട്ടറില്‍ പ്രകടനം നടത്തിയത്‌. ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ മറ്റൊരു വേഷമാണ്‌. ജയലളിത നീതി പാലിക്കുക എന്ന ബോര്‍ഡ്‌ കഴുത്തില്‍ തലയോട്ടിക്കൊപ്പം കെട്ടിത്തൂക്കിയതിനാല്‍ കാളിയായിട്ടല്ല, ജയലളിതയായിട്ടാണ്‌ രാജശേഖരന്‍ വേഷം കെട്ടിയതെന്ന്‌ ആരാധകര്‍. രാജശേഖരന്റെ ‘കൊലവെറി’ വേഷം ആരോ ഫേസ്ബുക്കില്‍ അപ്ലോഡ്‌ ചെയ്തതു ജയലളിത കാണുകയും മന്‍മോഹന്‍ജിക്ക്‌ ഷെയര്‍ ചെയ്യുകയും ചെയ്തു. കാളിവേഷം കണ്ടു മന്‍മോഹന്‍ജി ചൂടായിരിക്കുമ്പോഴാണ്‌ മുഖ്യമന്ത്രി-പ്രതിപക്ഷനേതാവു കമ്പനി ‘ഡാം പൊളി’ നിവേദനവുമായി മുന്നില്‍ ചെന്നു ചാടിയത്‌. പിന്നെ സംഭവിച്ചതെന്തെന്നു ഒരു ചാനല്‍കാരനും വ്യക്തമായി പറയുന്നില്ല. തീരെ അയവില്ലായിരുന്നുവെന്ന്‌ ഒരു വാര്‍ത്ത കിട്ടി.

പക്ഷെ പ്രധാനമന്ത്രിജിയെ ഞെട്ടിച്ചുകൊണ്ടു “എലി പുന്നെല്ലു കണ്ട” സന്തോഷത്തിലായിരുന്നു കേരള ദൗത്യസംഘം. സമരത്തില്‍നിന്ന്‌ എങ്ങനെ തലയൂരാമെന്ന്‌ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ തല പുകയുമ്പോഴാണ്‌ പ്രധാനമന്ത്രിജിയുടെ ആശ്വാസ വചനം. ഡാം-മണ്ണാങ്കട്ട, ഉടന്‍ എസ്‌എംഎസ്‌ അയയ്ക്കാന്‍ ഉത്തരവായി. മുല്ലപ്പെരിയാര്‍ സമരപ്പന്തലിലേക്ക്‌ ഒരാള്‍ മാത്രം എസ്‌എംഎസ്‌ അയയ്ക്കാന്‍ ധൈര്യപ്പെട്ടില്ല, ടിയാന്‌ എസ്‌എംഎസ്‌ പേടിയാണ്‌. എസ്‌എംഎസ്‌ ഇങ്ങനെ: “നോ ഡാം, ദല്‍ഹി ടൂര്‍ സക്സസ്‌!”

കെ.എ.സോളമന്‍
Published Janmabhumi daily on 31-12-2011

No comments:

Post a Comment