ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ് മലയാളം. കേരളത്തിനും ലക്ഷദ്വീപിനും പുറമേ ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു.
മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.
ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ഉദാത്തഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്.
ഭാഷാപരിണാമം
മലയാള ഭാഷാചരിത്രം
മലയാള ഭാഷ സംസ്കൃതത്തിൽ നിന്നുദ്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലർന്ന ഒരു മിശ്രഭാഷയാണെന്നും ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഗവേഷണങ്ങൾ ഇതിനെയെല്ലാം നിരാകരിക്കുകയും മലയാളം മലനാട്ടു തമിഴിൽ നിന്നുദ്ഭവിച്ചു, മലയാളം മൂല ദ്രാവിഡ ഭാഷയിൽ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു.
'ഴ'കാരം ദ്രാവിഡഭാഷകളിൽ തമിഴിലും മലയാളത്തിലും മാത്രം ഉപയോഗിച്ചു കാണുന്ന വ്യഞ്ജനമാണ്
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം തമിഴിൽ നിന്ന് അകന്നു നിൽക്കുന്നു എന്നാണ് അദ്ദേഹം കരുതിയത്.
അദ്ദേഹത്തെതുടർന്ന് എ.ആർ. രാജരാജവർമ്മയും മഹാകവി ഉള്ളൂരും മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. രാജരാജവർമ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികൾ തമിഴർ ആയിരുന്നു എന്നും അവർ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളിൽ ഒന്നാണ് മലയാളമായിത്തീർന്നതെന്നും അഭിപ്രായപ്പെട്ടപ്പോൾ മലയാളത്തിൽ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്റെ സ്വാധീനത്തിനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂർ വിശ്വസിച്ചത്.
മലയാളസാഹിത്യചരിത്രം
പ്രാചീനസാഹിത്യം
മലയാള സാഹിത്യത്തിന്റെ ആദ്യകാലം നാടോടി ഗാനങ്ങളിലൂടെയും, തമിഴ് - സംസ്കൃതം ഭാഷകളിലൂടെയും ആയിരുന്നു വികാസം പ്രാപിച്ചത്. മലയാളത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതനമായ ലിഖിതം ചേരപ്പെരുമാക്കന്മാരിൽ രാജശേഖര പെരുമാളിന്റെ കാലത്തുള്ളതാണ്. ക്രി. 830 -ൽ എഴുതപ്പെട്ടതു എന്നു തിട്ടപ്പെടുത്തിയ വാഴപ്പള്ളി ലിഖിതമാണിത്. ഈ ലിഖിതം കണ്ടെടുത്തത് വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തിൽ നിന്നുമാണ്. പല്ലവഗ്രന്ഥലിപിയിൽ എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും നാമമാത്രമായിട്ടെങ്കിലും കാർഷികവിവരങ്ങളും സംക്ഷിപ്തമായിരുന്നു. ഈ കാലഘട്ടത്തിനു ശേഷം വളർന്നു വന്ന മലയാളസാഹിത്യത്തിനെ ഇപ്രകാരം വേർതിരിച്ചെഴുതാവുന്നതാണ്.
തമിഴ് സമ്പ്രദായത്തിൽ പാട്ടുരീതിയിലുള്ള കൃതികൾ
സംസ്കൃത സമ്പ്രദായത്തിലുള്ള മണിപ്രവാളം കൃതികൾ
മലയാളത്തിലുള്ള സന്ദേശകാവ്യങ്ങൾ, ചമ്പൂക്കൾ, മറ്റു ഭാഷാകൃതികൾ
പാട്ടുരീതിയിൽ എഴുതപ്പെട്ട കൃതികളിൽ പഴക്കമേറിയത് ചീരാമകവിയുടെ രാമചരിതമാണ്. പേരിൽ സൂചിപ്പിക്കുന്നതുപോലെ രാമകഥയാണ് ഇതിവൃത്തമെങ്കിലും യുദ്ധകാണ്ഡത്തിലെ സംഭവങ്ങളുടെ വിവരണങ്ങൾക്കായിരുന്നു പ്രാധാന്യം. സംസ്കൃത കാവ്യപാരമ്പര്യങ്ങളിൽ നിന്നു വിട്ട് തദ്ദേശീയമായ രീതിയിൽ എഴുതപ്പെട്ട കാവ്യം എന്ന നിലയിൽ രാമചരിതം ശ്രദ്ധേയ കൃതിയാണ്. ലീലാതിലകത്തിലും മറ്റും വ്യവസ്ഥചെയുന്ന പാട്ടുരീതിയിലാണു കാവ്യമെങ്കിലും പാരായണാനുഭവത്തിൽ ഒരു തമിഴ് കൃതിയെന്നേ സാമാന്യവായനക്കാരനു് തോന്നൂ. തമിഴിന്റെ സ്വാധീനത്തിൽ നിന്നു മുക്തിനേടി കുറേകൂടി വ്യക്തമായ മലയാളകവന രീതിയാണു കണ്ണശ്ശരാമായണത്തിൽ കാണാനാകുന്നത്. ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലായി തിരുവല്ലയ്ക്കടുത്ത് നിരണം എന്ന സ്ഥലത്തായിരുന്നു കണ്ണശ്ശന്റെ ജീവിതം.
ആധുനിക സാഹിത്യം
പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം മൂലം മലയാള സാഹിത്യലോകത്ത് വന്ന മാറ്റങ്ങളെ ആധുനിക സാഹിത്യമെന്നു വിവക്ഷിക്കുന്നു. കൊളോണിയൽ ഭരണകാലത്ത് യൂറോപ്പ്യൻ ഭാഷകൾ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികൾ വായിക്കുവാനും ലഭിച്ച അവസരങ്ങൾ സാഹിത്യപരമായ ചില നവോത്ഥാനചിന്തകൾക്ക് വഴി തെളിച്ചു. നിഘണ്ടു, വ്യാകരണഗ്രന്ഥങ്ങൾ എന്നിവയുടെ ലഭ്യതയും, പ്രസിദ്ധീകരണ ഉപകരണങ്ങൾ, വാർത്താപത്രങ്ങൾ എന്നിവയുടെ ലഭ്യതയും ഈ വളർച്ചയ്ക്ക് സഹായകമായി വർത്തിച്ചു. കൊളോണിയൽ ഭരണകൂടങ്ങൾ നിഷ്കർഷിച്ച വിദ്യാഭ്യാസ വ്യവസ്ഥകൾ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ കൈവരിച്ച അറിവും, ദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിർണ്ണയിച്ചു.
ഗദ്യസാഹിത്യത്തിനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം കാളിദാസ കൃതിയായ അഭിജ്ഞാന ശാകുന്തളത്തിന്റെ സ്വതന്ത്ര വിവർത്തനമായിരുന്നു. പിൽക്കാലങ്ങളിൽ മലയാള സാഹിത്യം ഗദ്യത്തിലേക്ക് വഴിമാറിയൊഴുകുന്നതിന്റെ സൂചനയും തുടക്കവുമായിരുന്നു ഈ കൃതി. അന്യഭാഷകളിൽ നിന്നു സാഹിത്യസൃഷ്ടികൾ വിവർത്തനം ചെയ്യുന്ന രീതി രാമവർമ്മയുടെ കാലം മുതൽ ഇങ്ങോട്ട് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ തുടർന്നുപോരുന്നു. ആയില്യം തിരുനാളിന്റെ പിൻഗാമിയായിരുന്ന വിശാഖം തിരുനാൾ മഹാരാജാവായിരുന്നു മലയാളത്തിലെ ആദ്യകാല ഉപന്യാസലേഖകരിൽ ഒരാൾ. ബെഞ്ചമിൻ ബെയ്‌ലി, ജോസഫ് പീറ്റ് എന്നീ വിദേശീയരും പാശ്ചാത്യ ഉപന്യാസരീതികൾ അവലംബിച്ച് മലയാളം ഗദ്യശാഖയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
ഹെർമൻ ഗുണ്ടർട്ട് എന്ന ജെർമൻ പാതിരിയുടെ പരിശ്രമഫലമായി മലയാളത്തിൽ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു. ഈ സൃഷ്ടികളെ മാതൃകയാക്കി മലയാളത്തിൽ നിരവധി പ്രമാണഗ്രന്ഥങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ പ്രസിദ്ധീകൃതമായി. പി.ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം പ്രസിദ്ധപ്പെടുത്തിയതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആധുനിക സാഹിത്യത്തിന്റെ വക്താവായി നിലകൊണ്ടിരുന്നു. കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളവും (1882 -ൽ പൂർത്തിയാക്കി) , വോൺ ലിംബർഗിന്റെ അക്ബറും വിവർത്തനം ചെയ്ത്, ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റെയും രീതികൾ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത്. കേരളവർമ്മയുടെ മാതുലനായ എ.ആർ. രാജരാജവർമ്മയുടെ സാഹിത്യപ്രഭാവം മലയാളത്തിലെ നിയോക്ലാസിക് രചാനാരീതികൾക്ക് അറുതി വരുത്തുകയും റൊമാൻറിസത്തിനു തുടക്കം കുറിക്കുകയും ചെയ്തു. ദിത്വീയാക്ഷരപ്രാസം പോലുള്ള കവനരീതികളോട് ഏ.ആർ കാണിച്ചിരുന്ന എതിർപ്പ് ആധുനിക സാഹിത്യത്തിൽ ലളിതവത്കരിക്കപ്പെട്ട കവനരീതികൾക്ക് തുടക്കമായിരുന്നു.
അന്യഭാഷാ സ്വാധീനം
മലയാളഭാഷയെ ഏറ്റവും കൂടുതലായി സ്വാധീനിച്ചതു തമിഴും സംസ്കൃതവും ആണ്. ദ്രാവിഡ പൈതൃകവും ബ്രാഹ്മണ മേധാവിത്ത്വവും ആണ് അതിനു കാരണം. എങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകൾ മാത്രമല്ല, ലോകത്തിലെ തന്നെ മിക്ക ഭാഷകളുടെയും അംശങ്ങൾ മലയാളത്തിൽ കാണാം. ആദികാലം തൊട്ടേ കേരളത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ ഭാഷയുടെ പുരോഗതിയെ ഏറെ സ്വാധീനിച്ചതായി കാണാം. ഹിന്ദിയും, അറബിയും, ഉർദുവും, യൂറോപ്പിയൻ ഭാഷകളും, ചൈനീസും എല്ലാം അതിന്റേതായ സംഭാവന മലയാളത്തിനു നൽകിയിട്ടുണ്ട്
ഭാഷ മനസ്സിനകത്ത് പുഷ്ടിപ്പെടണം -കെ.പി.രാമനുണ്ണി
മലയാളഭാഷയെ സംരക്ഷിക്കാനായി സംസ്ഥാനത്തുടനീളം സംഘടനകൾ രൂപീകരിച്ച് പോരിനിറങ്ങേണ്ട ഗതികേട് മലയാളിക്ക് മാത്രം സ്വന്തം. പ്രയോജനരഹിതമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളിവിടുന്ന അതേ മനോഭാവമാണ് മലയാളത്തെ തിരസ്കരിക്കുമ്പോൾഉൽക്കർഷേച്‍ഛുക്കൾ പുലർത്തുന്നത്. എന്നാൽ മാതൃഭാഷയെ പടിയിറക്കി വിടുന്നവർ സ്വന്തം മസ്തിഷ്കത്തിലെ ഭാഷയുടെ അവയവത്തെ ദുർബ്ബലപ്പെടുത്തുന്നു എന്നതാണ് സത്യം. പുറമേനിന്ന് മനുഷ്യമനസ്സിലേക്ക് കോരിയൊഴിക്കപ്പെടുന്ന വസ്തുവല്ല ഭാഷ. അത് മനസ്സിനകത്ത് വളർന്ന് ശക്തി പ്രാപിക്കേണ്ട അവയവമാണ്. മാതൃഭാഷയിലൂടെയുള്ള പരിശീലനമാണ് മസ്തിഷ്കത്തിലെ ഭാഷാ ഇന്ദ്രിയത്തെ പുഷ്ടിപ്പെടുത്താൻ ഏറ്റവും സഹായകരം. അതുകൊണ്ടാണ് മാതൃഭാഷയിൽ പ്രാവീണ്യമുള്ളവർ മറ്റ് ഭാഷകളിലും പെട്ടെന്ന് പ്രാഗത്ഭ്യം നേടുന്നത്.
ഇംഗ്ളീഷായാൽ ഗുണം പിടിക്കാൻ മക്കളെ സഹായിക്കും എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടെങ്കിലും മലയാള പഠനത്തോടുള്ള മനോഭാവം മലയാളികൾ മാറ്റുമെന്ന് പ്രതീക്ഷിക്കാം. മാതൃഭാഷയെ സംരക്ഷിക്കാനുള്ള ദൗത്യങ്ങൾക്കൊപ്പം കൊണ്ടുപോകേണ്ട കാര്യമാണ് സാഹിത്യത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുക എന്നത്. ഭാഷയുടെ ഏറ്റവും ഉദാത്തവും കാര്യക്ഷമവും സമ്പന്നവുമായ രൂപമാണ് സാഹിത്യം. സാഹിത്യത്തെ ഒഴിവാക്കി നിർത്തി വ്യാവഹാരിക കാര്യങ്ങൾ നിവർത്തിക്കാനുള്ള വെറും വിനിമയോപാധിയായി ഉപയോഗിക്കപ്പെടുന്ന ഭാഷ, പുറം വസ്ത്രങ്ങളാൽ രൂപപ്പെടുത്തിയ നോക്കുകുത്തിക്ക് തുല്യമായിരിക്കും. പാഠ്യപദ്ധതിയിൽ സാഹിത്യത്തിന്റെ അളവ് കുറച്ച് സയൻസ് ആന്റ് ടെക്നോളജിയുടെ ഉള്ളടക്കം വർദ്ധിപ്പിക്കുന്ന പ്രവണതയ്ക്ക് പിന്നിൽ പുതിയ സാമ്പത്തിക ഭ്രമങ്ങളുടെ വീക്ഷണപരമായ വൈകല്യം ഒളിച്ചിരിക്കുന്നുണ്ട്. സയൻസും ടെക്നോളജിയും നിവർത്തിച്ചുതരുന്ന ഭക്ഷണം, വസ്ത്രം, പാർപ്പിടം, സഞ്ചാരസ്വാതന്ത്ര്യം, സുരക്ഷിതത്വം എന്നിവമാത്രം പരമപ്രധാനമാണെന്നും സാഹിത്യത്തിന്റെ സംഭാവനകളായ മനോവികാസം, മൂല്യപരമായ വിചിന്തനങ്ങൾ, അവനവനെക്കുറിച്ചുള്ള തിരിച്ചറിവുകൾ, ആത്മീയമായ ആരായലുകൾ തുടങ്ങിയവ അപ്രധാനമാണെന്നുമുള്ള സന്ദേശമാണിവിടെ സ്ഥാപിക്കപ്പെടുന്നത്. എന്നാൽ ഭക്ഷണവും വസ്ത്രവും പാർപ്പിടവും സകല മൃഗങ്ങൾക്കും അവയുടെ പ്രാഥമിക ചോദനകൾക്ക് ലഭിക്കേണ്ട മറുപടികളാണ്. മനുഷ്യൻ മനുഷ്യനായതിന്റെ പേരിൽ മാത്രം ആവശ്യമായിതീർന്നതാണ് മനോവികാസവും മൂല്യപരമായവിചിന്തനങ്ങളും അവനവനെക്കുറിച്ചുള്ള തിരിച്ചറിവുകളും ആത്മീയമായ ആരായലുകളും.
samagram,aadhikarikam...........
ReplyDeleteThank you Mr Jayaraj.
ReplyDelete- K A Solaman
മലയാളം ഭാഷയുടെ വികസനത്തിന് കോടതി നടപടികൾ നിർബന്ധമായും മലയാളത്തിലേക്ക് മാറ്റണം .
ReplyDeleteചില നിർദേശങ്ങൾ ....
1.നിയമ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക .
2.കേരളത്തിലെ സർവകലാശാലകളിലും കലാലയങ്ങളിലും നിയമ പഠനം മലയാളത്തിലേക്ക് മാറ്റുക
3.കോടതികളിൽ പ്രസ്താവിക്കുന്ന വിധികൾ ,നിർദേശങ്ങൾ മലയാളത്തിലേക്ക് മാറ്റുക
4.കോടതികളിലെ വ്യവഹാരങ്ങൾ ,വാദങ്ങൾ മലയാളത്തിലേക്ക് മാറ്റാൻ നിയമം കൊണ്ടുവരിക .
5.കേരള സംസ്ഥാന രൂപികരണം മുതൽ ഇന്ന് വരെയുള്ള കോടതികളുടെ പ്രമാണങ്ങൾ മലയാളത്തിലേക്ക് വിവര്ത്തനം ചെയുകയും അത് ഡിജിറ്റൽ ആയി സംരക്ഷിക്കുക ചെയുക.
6.ഹൈ കോടതികളിലെ വിധികൾ ഇംഗ്ലീഷിലും മലയാളത്തിലുമാക്കി മാറ്റുക .ഇത്തരത്തിൽ ഇതര സംസ്ഥാന ആവശ്യങ്ങല്കും ഉയര്ന്ന കോടതികളിലും ഉപയോഗിക്കാൻ സാധിക്കും.
7.കഷികൾ ഇരുവരും മലയാളികള് ആണെങ്കിൽ മലയാളത്തിൽ വ്യവഹാരങ്ങൾ നടത്താനുള്ള അനുമതി നല്കുക .
http://malayalatthanima.blogspot.in/2013/05/blog-post_21.html