Wednesday, 7 December 2011

മലയാള കവിതയിലെ `ശ്രീ'യ്‌ക്ക്‌ 100 വയസ്സ്‌

മഹാകവിമാരായ ചങ്ങമ്പുഴ കൃഷ്‌ണപിള്ള, വൈലോപ്പള്ളി ശ്രീധരമേനോന്‍, പാലാ നാരായണന്‍ നായര്‍ എന്നിവരുടെ ജന്മശതാബ്‌ദിയാചരിക്കുന്ന പശ്ചാത്തലത്തില്‍ ഈ മാസത്തെസംസ്‌കാര   സാഹിത്യവേദിയുടെ അനുസ്മരണം വൈലോപ്പള്ളി ശ്രീധരമെനോനെ  കുറിച്ചാണ് . കഴിഞ്ഞ  മാസം ചങ്ങമ്പുഴക്കുറിച്ചുള്ള അനുസ്മരണം വളരെ പ്രശംസനീയ രീതിയില്‍  ശ്രി ഗൌതമന്‍ തുറവൂര്‍ നടത്തിയിരുന്നു  ചങ്ങമ്പുഴയുടെ `വാഴക്കുല'യും, വൈലോപ്പള്ളിയുടെ `മാമ്പഴ'വും, പാലായുടെ `കേരളം വളരുന്നു' എന്ന കവിതയും കേരളീയരുടെ രാഷ്‌ട്രീയ-സാംസ്‌കാരിക-ജീവിതത്തില്‍ വരുത്തിയ മുന്നേറ്റങ്ങള്‍ മഹത്തരമാണ് .

മലയാള കാവ്യലോകത്തെ `ശ്രീ' ആയ വൈലോപ്പള്ളി ശ്രീധരമേനോന്‍ ജനിച്ചിട്ട്‌ നൂറാണ്ട്‌ തികയുന്നു. 1911 മെയ്‌ 11-ന്‌ ഏറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ്‌ അദ്ദേഹത്തിന്റെ ജനനം. എറണാകുളം മഹാരാജാസ്‌ കോളജില്‍ നിന്നും ബിരുദം നേടിയശേഷം അദ്ദേഹം അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. 35 വര്‍ഷത്തെ അധ്യാപനവൃത്തിക്കുശേഷം 1966-ല്‍ പ്രധാനാധ്യാപകനായി വിരമിച്ചു.

കേരളീയ ഗ്രാമജീവിതത്തിന്റെ നന്മകളും നൈര്‍മല്യവും ഇത്രയും തനിമയോടെ ആവിഷ്‌കരിച്ച മറ്റൊരു കവി മലയാളത്തിലില്ല. ചങ്ങമ്പുഴയും ഇടപ്പള്ളിയും ഇടശ്ശേരിയുമെല്ലാം മലയാള കവിതാലോകത്ത്‌ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ തന്റേതായ പാത വെട്ടിത്തെളിച്ച കവിയായിരുന്നു വൈലോപ്പള്ളി. ഓണവും വിഷുവും തിരുവാതിര ഞാറ്റുവേലയും കൊയ്‌ത്തും മെതിയും കൊന്നപ്പൂകളും, എന്നുവേണ്ട കേരളീയ ഗ്രാമജീവിതത്തിന്റെ എല്ലാ സൗന്ദര്യങ്ങളും ആഘോഷങ്ങളും അദ്ദേഹത്തിന്റെ കവിതകള്‍ക്ക്‌ വിഷയമായിട്ടുണ്ട്‌. `കയ്‌പവല്ലരി' എന്ന കവിതയിലെ

`ഏതു ധൂസരസങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
ഏതു യന്ത്രവത്‌കൃത ലോകത്തില്‍ പുലര്‍ന്നാലും,
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരികൊന്നപ്പൂവും...'


എന്ന ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍ തന്നെ കവിക്ക്‌ ഗ്രാമജീവിതത്തോടുള്ള ഇഷ്‌ടം വിളിച്ചറിയിക്കുന്നു.

വൈലോപ്പള്ളിയുടെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ സാധാരണ കാവ്യാസ്വാദകന്റെ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌ `മാമ്പഴം' എന്ന നാല്‍പ്പത്തെട്ടുവരി കവിതയാണ്‌. തന്റെ അനുജന്റെ അകാലത്തിലുള്ള മരണമാണ്‌ ഈ കവിതയെഴുതുവാന്‍ പ്രേരകമായിത്തീര്‍ന്നത്‌. ചങ്ങമ്പുഴയുടെ `രമണനും', `വാഴക്കുല'യ്‌ക്കും ശേഷം ഇത്രത്തോളം വായിക്കുകയും

ആസ്വദിക്കുകയും ചെയ്‌ത മറ്റൊരു കവിത മലയാളത്തിലില്ല.  


അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ

നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു. .

എന്നാരംഭിക്കുന്ന കവിത വായനക്കാരനെ കണ്ണീരണിയിക്കുകയും മനസ്സ്‌ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

`മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നത്‌
ല്ലുകൊള്ളാഞ്ഞിട്ടല്ലേ...'

എന്നു ദേഷ്യപ്പെട്ട മാതാവിനോട്‌ `മാമ്പഴം പെറുക്കാന്‍ ഞാന്‍ വരുന്നില്ല' എന്നു പറഞ്ഞുപോയ മകന്‍ മാങ്കനി വീഴാന്‍ കാത്തുനില്‍ക്കാതെ പരലോകത്തെ പൂകുമ്പോള്‍ മാതാവനുഭവിക്കുന്ന ദുഖം വായനക്കാരിലേക്കും സംക്രമിക്കുന്നു.

ഗ്രാമസൗന്ദര്യത്തെ ആരാധിച്ചിരുന്ന കവി മനുഷ്യന്റെ പ്രകൃതിയോടുള്ള പരാക്രമങ്ങളോടും ദ്രോഹങ്ങളോടുമുള്ള പ്രതിക്ഷേധവും രോഷവും ശക്തമായി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ്‌ `സഹ്യന്റെ മകന്‍' എന്ന കവിത.

കാവ്യരചനയുടെ ആദ്യകാലങ്ങളില്‍ വ്യക്തിഗതങ്ങളായ അനുഭൂതികളെ ആശ്രയിച്ചിരുന്നെങ്കിലും പില്‍ക്കാലത്ത്‌ സാധാരണ മനുഷ്യന്റെ കഷ്‌ടപ്പാടുകളും സങ്കടങ്ങളുമാണ്‌ കൂടുതലും കാവ്യ വിഷയങ്ങളായി സ്വീകരിച്ചത്‌. സാഹിത്യകാരന്‌ സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെപ്പറ്റി കവി തികച്ചും ബോധവാനായിരുന്നു. `കന്നിക്കൊയ്‌ത്ത്‌', `ശ്രീരേഖ', `കുടിയൊഴിക്കല്‍', `ഓണപ്പാട്ടുകാര്‍', `മകരക്കൊയ്‌ത്ത്‌' തുടങ്ങി പതിനെട്ടോളം കവിതാ സമാഹാരങ്ങളും `ഋഷ്യശൃംഗനും അലക്‌സാണ്ടറും' എന്ന നാടകവും, `കാവ്യലോക സ്‌മരണകള്‍' എന്ന ഓര്‍മ്മക്കുറിപ്പും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

അടിയന്തിരാവസ്ഥയ്‌ക്കെതിരേ പ്രതികരിച്ചിട്ടുള്ള ചുരുക്കം ചില സാഹിത്യകാരന്മാരില്‍ ഒരാളാണ്‌ വൈലോപ്പള്ളി. അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട്‌ പതിനൊന്ന്‌ കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്നു അദ്ദേഹം.

ആശാന്‍ പ്രൈസ്‌, കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം, കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, സോവ്യറ്റ്‌ ലാന്റ്‌ നെഹ്‌റു അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, എം.പി പോള്‍ പുരസ്‌കാരം, മദ്രാസ്‌ ഗവണ്‍മെന്റ്‌ അവാര്‍ഡ്‌ എന്നിവ അദ്ദേഹത്തിന്‌ ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലത്‌ മാത്രമാണ്‌.

1985 ഡിസംബര്‍ 22-ന്‌ അന്തരിച്ച അദ്ദേഹത്തിന്റെ ചിതാഭസ്‌മം കവിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട നിളാ നദിയില്‍ നിമജ്ഞനം ചെയ്‌തു.


Vailoppilli Sreedhara Menon was a dedicated teacher at Kerala and equally renowned poet. Vailoppilli‘s poem “Mambazham” touched human hearts in depth.

“Mambazham” became popular and went down as golden letters of malayalam poems. Vailoppilli Sreedhara Menon got Kendra Sahithya Academy award (1964 and 1971) and Vayalar Award for 1981. . Vailoppilli Sreedhara Menon was born on 11 May 1911 in Kaloor, Ernakulam district, Kerala.

Mambazham in Malayalam language translates to “ripe mango”. The poet depicts memories of an unfortunate mother who just lost her child. “Mambazham” begins with a mother weeping when she notices a ripe mango fruit falling from the tree in her courtyard. She regretfully remembers an incident, when she scolded her child for plucking the mango flowers. She warned him that, if he plucked the flowers it would never yield fruits. The child felt disheartened and sad. He threw away the mango flowers, which he plucked from the tree and arrogantly declared that he would never go near the tree again, even for picking the mangoes. The poet reminds us that children are like GOD and their words could come true.

- K A Solaman 

No comments:

Post a Comment